സുദാനില്‍ മഞ്ഞുരുകുന്നു; സൈന്യം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി
കാര്‍ത്തൂം: പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയതിനു ശേഷവും സുദാനില്‍ തുടര്‍ന്നിരുന്ന അനിശ്ചിതാവസ്ഥ നീങ്ങുന്നു. ജനകീയ പ്രക്ഷോഭത്തിലൂടെ പ്രസിഡന്റിനെ നീക്കിയ ശേഷം അധികാരം പിടിച്ചെടുത്തിരുന്ന സൈന്യം അതിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചര്‍ച്ചയ്ക്കു തയാറായിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൈന്യവും പ്രതിഷേധക്കാരുടെ നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. പ്രശ്‌നപരിഹാരത്തിനായി ഇരു വിഭാഗത്തിനും പ്രാതിനിധ്യമുള്ള സംയുക്ത സമിതി രൂപീകരിച്ചതായി സുദാനീസ് മിലിട്ടറി കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി. ഇരു വിഭാഗത്തിന്റെയും സമ്മതത്തോടെയുള്ള ഭരണം സ്ഥാപിക്കാനാനുളള ശ്രമമെന്നാണ് വിവരം.
സുദാനീസ് പ്രൊഫഷനല്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാലു മാസത്തോളം നടന്ന പ്രക്ഷോഭത്തിനൊടുവിലാണ് പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ അധികാരത്തില്‍ നിന്നു പുറത്താക്കിപ്പെട്ടിരുന്നത്.
എന്നാല്‍, തുടര്‍ന്നു രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം സ്വന്തം താല്‍പര്യത്തില്‍ ഭരണം നടത്താന്‍ തുടങ്ങിയതോടെ അതിനെതിരേയും പ്രതിഷേധം കനക്കുകയായിരുന്നു.
രാജ്യത്തിന്റെ ഭരണം ജനകീയ സര്‍ക്കാരിനു കൈമാറണമെന്നും ജനാധിപത്യം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."