'സംവരണത്തിന്റെ ഫലം താഴേക്കിടയിലുള്ളവര്‍ക്ക് എത്തിയില്ല, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ഒരു വിഭാഗത്തെ പ്രത്യേക വിഭാഗമായി തിരിച്ചു സംവരണം ഏര്‍പ്പെടുത്താം" സുപ്രിംകോടതി
ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ സംവരണത്തിനുള്ളില്‍ ഉപവര്‍ഗീകരണം സാധ്യമാണോയെന്ന നിയമപ്രശ്‌നത്തിലെ കൂടുതല്‍ ചോദ്യങ്ങള്‍ സുപിംകോടതിയുടെ ഉയര്‍ന്ന ബെഞ്ച് പരിശോധിക്കും. ഇക്കാര്യം പരിശോധിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് കേസില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതിനാല്‍ ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആന്ധ്രാപ്രദേശും ഇ.വി ചിന്നയ്യയും തമ്മിലുള്ള കേസിലെ വിധി ഉയര്‍ന്ന ബെഞ്ച് പുനര്‍പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സംവരണത്തിന്റെ ഫലം ഇതുവരെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ താഴെക്കിടയിലുള്ളവരിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച 78 പേജുള്ള വിധിയില്‍ ചൂണ്ടിക്കാട്ടി. എല്ലാക്കാലവും പിന്നാക്കാവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണോ അവരെന്നും കോടതി ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് സംവരണം നടപ്പാക്കാനും അതില്‍ ഉപവിഭാഗങ്ങളെ സൃഷ്ടിക്കാനും അധികാരമുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ഒരു വിഭാഗത്തെ പ്രത്യേക വിഭാഗമായി തിരിച്ചു സംവരണം ഏര്‍പ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."