ഉത്സവത്തിനിടെ ആഞ്ഞടിച്ച കാറ്റ് കവര്‍ന്നത് മൂന്ന് ജീവനുകള്‍
കരുളായി: ആദിവാസി ഉത്സവത്തിനിടെ ആഞ്ഞടിച്ച കാറ്റ് കവര്‍ന്നെടുത്തത് മൂന്ന് ജീവനുകള്‍. മൂത്തേടം പൂളക്കപറയില്‍ നടന്ന ആദിവാസി ഉത്സവത്തിനിടെ ആറരയോടെ വീശിയ കാറ്റിലാണ് ഭീമന്‍ തവള മരം തട മുറിഞ്ഞ് വീണത്. ഈ മരത്തിന് കീഴിലാണ് ഉത്സവം നടക്കാനിരുന്നത്. ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള ചടങ്ങുകള്‍ ഒരുക്കുന്നതിനിടെയാണ് ശക്തമായ മഴയോടൊപ്പമെത്തിയ കാറ്റില്‍ മരം വീണത്. ഇതിനടിയില്‍ നിരവധിയാളുകള്‍ അകപ്പെട്ടിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റ പുഞ്ചക്കൊല്ലിയിലെ ചാത്തി, പാട്ടക്കരിമ്പ് മാഞ്ചന്റെ ഭാര്യ ചാത്തി, പൂളക്കപ്പാറയിലെ വെള്ളകയുടെ ഭര്‍ത്താവ് ശങ്കരന്‍ എന്നിവര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. വെള്ളകയുടെ മകളാണ് മരണപ്പെട്ട ചാത്തി.
പരിപാടിക്ക് വിവിധ കോളനിയില്‍നിന്ന് നിരവധി ആദിവാസികള്‍ എത്തിയിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്റെ പൂളക്കപറ ഔട്ട് പോസ്റ്റില്‍നിന്ന് നൂറ് മീറ്റര്‍ ഉള്ളില്‍ ഉള്‍ക്കാട്ടിലാണ് ഉത്സവം നടക്കുന്നത്. ഇതില്‍ പൂളക്കപാറയിലെ വെള്ളകയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെയും മകളെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."