ഇഷ്ടിക വ്യവസായം വിസ്മൃതിയിലേക്ക്
കാട്ടാക്കട: മണ്ണിനെ ആശ്രയിക്കുന്ന വ്യവസായ സംരംഭങ്ങളോരോന്നും കൂടൊഴിയുന്ന സാഹചര്യത്തില്‍ ഇഷ്ടിക നിര്‍മാണവും തകര്‍ച്ചയുടെ വക്കിലാണ്. പരമ്പരാഗത വ്യവസായങ്ങള്‍ ഒന്നൊന്നായി നശിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ തന്നെ സാമ്പത്തിക സ്രോതസ്സായിരുന്ന ഇഷ്ടിക നിര്‍മ്മാണം തകരാന്‍ തുടങ്ങിയിരിക്കുന്നത്. സാമുദായികമായ ഒതുങ്ങി നിന്നിരുന്ന പല തൊഴിലുകളും കുടില്‍ വ്യവസായങ്ങളായി ഒരു കാല ഘട്ടത്തില്‍ പരിപോക്ഷിപ്പിക്കപ്പെടുകയും പിന്നെ അത് തകര്‍ച്ചയെ നേരിടുകയുമാണ് ഉണ്ടായത്.
ഇത്തരത്തില്‍ താലൂക്കില്‍ തല ഉയര്‍ത്തി നിന്നിരുന്ന ഒരു പ്രധാന വ്യവസായമായിരുന്നു ഇഷ്ടിക നിര്‍മാണം. എന്നാല്‍ അസംസ്‌കൃത വസ്തുക്കളായ കളിമണ്ണ്, വിറക്, മണ്ണെണ്ണ എന്നിവയുടെ അഭാവം പെട്ടെന്ന് ഈ വ്യവസായത്തെ തകര്‍ച്ചയിലേയ്ക്ക് തള്ളിവിടുകയായിരുന്നു. ഒരു ഭാഗത്ത് കെട്ടിട നിര്‍മാണ മേഖല വന്‍ കുതിച്ചുകയറ്റം നടത്തിയപ്പോള്‍ അതിന് അനുസരണമായി ഇഷ്ടിക വ്യവസായം കിതപ്പ് അനുഭവിക്കുകയാണുണ്ടായത്. ആയിരത്തോളം ഇഷ്ടിക ചൂളകള്‍ തല ഉയര്‍ത്തി നിന്നിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ അത് കാണാകാഴ്ചയായി മാറി. നെയ്യാറിന്റെയും കരമനയാറിന്റെയും തീരങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കളിമണ്ണ് ഇന്ന് കിട്ടാതെയായി. സംസ്ഥാനത്ത് മാറി വന്ന നിയമ സാഹചര്യങ്ങള്‍ മണ്ണെടുക്കുന്നതിന് തടസമായി മാറുകയായിരുന്നു.
ഇപ്പോള്‍ അതിജീവനത്തിനു വേണ്ടി കളിമണ്‍ ലഭ്യത കുറഞ്ഞപ്പോള്‍ പുറം സ്ഥലങ്ങളില്‍ നിന്ന് മണ്ണ് എത്തിക്കുകയും ഇഷ്ടിക നിര്‍മാണ മേഖലയില്‍ സിമന്റ് കല്ലുകള്‍ക്ക് പ്രിയം ഏറിയപ്പോള്‍ വ്യവസായത്തില്‍ കാലോചിതമായ മാറ്റം വരുത്തി ചുട്കല്ല് നിര്‍മാണത്തിന് പുറമേ കെട്ടിടനിര്‍മാണ രംഗത്ത് ആവശ്യമുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതാണ് തൊഴിലാളികളെ വലച്ചത്. ഇപ്പോള്‍ ഇഷ്ടിക വേണമെങ്കില്‍ അയല്‍ സംസ്ഥാനത്തു നിന്നും എത്തണം. അതാകട്ടെ ഗുണ നിലവാരം കുറഞ്ഞതും.
കല്ല് ചൂളയില്‍ ഇട്ട് പാകപ്പെടുത്തി ഇഷ്ടികയാക്കുന്നത് തമിഴ് നാട്ടില്‍ ഇല്ല. മഴ ചെയ്താല്‍ അലിയുന്നതരത്തിലും ഇഷ്ടികയ്ക്ക് പറ്റാത്ത മണ്ണുമാണ് ഉപയോഗിക്കുന്നത്. ഇതാണ് കിഴക്കന്‍ കല്ല് എന്നു വിളിക്കുന്ന തമിഴ്‌നാട് കല്ലിനെ ഗുണനിലവാരമില്ലാതെയാക്കുന്നത്. നെയ്യാറിലെ കള്ളിക്കാട്, വീരണകാവ്, ആമച്ചല്‍, ഒറ്റശേഖരമംഗലം, കീഴാഴൂര്‍, പെരുങ്കടവിള, മേലാരിയോട്, പാട്ടേക്കോണം, കുറ്റിച്ചല്‍, കാര്യോട്, കോട്ടയ്ക്കകം, കുളപ്പട തുടങ്ങി ചൂളകളുടെ കേന്ദ്രമായിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ അവ നാശോന്മുഖമായി. ചിലയിടത്ത് മാത്രം പേരിന് ഒന്നോ രണ്ടോ. അങ്ങിനെ ഇഷടിക വ്യവസായവും തറപ്പറിയ നിലയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."