അനധികൃത സമാന്തര ബസ് സര്‍വിസുകള്‍ക്കെതിരേ നടപടി; 17 വാഹനങ്ങള്‍ പിടികൂടി
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെ തലസ്ഥാനത്ത് അനധികൃതമായോടുന്ന സമാന്തര സര്‍വീസുകള്‍ക്കെതിരെയും മോട്ടാര്‍വാഹനവകുപ്പ് നടപടി തുടങ്ങി.
ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ നിയമ വിരുദ്ധമായി നിരവധി വാഹനങ്ങള്‍ യാത്രക്കാരെ കുത്തിനിറച്ച് ടിക്കറ്റ് കൊടുത്ത് സര്‍വിസ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മുന്നിലും പിന്നിലുമായി സര്‍വിസ് നടത്തുന്ന സമാന്തരന്മാര്‍ ദിവസം 40 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍ടി.സിക്ക് വരുത്തിവയ്ക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ഇത് സംബന്ധിച്ച പരാതിയും മോട്ടോര്‍വാഹന വകുപ്പിന് നല്‍കിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പും കേരള പൊലിസും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയ വാഹനങ്ങളെ പിടികൂടിയത്. ഇന്നലെ 17 വാഹനങ്ങളെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ജീപ്പുകള്‍, മിനി ബസ് തുടങ്ങി യാത്രക്കാരെ കുത്തിനിറച്ച് കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ, ടാക്‌സോഇല്ലാതെയാണ് ഓടുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. വാഹനങ്ങളെ കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ സുക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്ന് 6 വാഹനങ്ങളും ഇന്നലെ മണ്ണന്തലയിലും നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ നിന്ന് 11 വാഹനങ്ങളുമാണ് പിടികൂടിയത്. മണ്ണന്തലയില്‍ നിന്ന് പിടികൂടിയ ഒരു വാഹനത്തിന് 2017 ന് ശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തെ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജോഷി അറിയിച്ചു. വാഹന പരിശോധനയില്‍ എം.വി.ഐ ശ്രീകുമാര്‍, കെ.എസ് രാജ്കുമാര്‍ മറ്റ് എ.എം.വിഐ.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു, പരിശോധന തുടര്‍ന്നും കര്‍ശനമാക്കുമെന്നും എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ ജോഷി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."