യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; എ.എസ്.ഐക്കെതിരേ നടപടിയില്ല
കൊല്ലം: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കൊല്ലം ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം എ.എസ്.ഐ പത്മരാജിനെതിരെ കേസെടുക്കാതെ സംരക്ഷിച്ച് പൊലിസ്. ഇതിനിടെ എ.എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവജനസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി ഏഴിന് കൊല്ലം എസ്.എന്‍ കോളജ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. എ.എസ്.ഐയും രണ്ടു സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. പോളയത്തോട്ടില്‍ നിന്ന് കൊല്ലത്തേക്ക് വരുന്നതിനിടെ അഞ്ച് വാഹനങ്ങളില്‍ എ.എസ്.ഐ ഓടിച്ചിരുന്ന കാര്‍ തട്ടി.
എസ്.എന്‍ കോളജിന് സമീപം സ്‌കൂട്ടറില്‍ കാറിടിച്ചത് ചോദ്യം ചെയ്ത യുവതിയോട് എ.എസ്.ഐ അപമര്യാദയായി പെരുമാറി. എ.എസ്.ഐയുടെ പരിധിവിട്ട പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ചു. മദ്യലഹരിയിലായതിനാല്‍ ഈസ്റ്റ് പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് എത്തി എ.എസ്.ഐയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധന നടത്തി. എ.എസ്.ഐ. മദ്യപിച്ചിരുന്നുവെന്ന് സമ്മതിച്ചെങ്കിലും ആദ്യം എ.എസ്.ഐയുടെ പേരു വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.
എ.എസ്.ഐ പത്മരാജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ഷെഫീക്ക് കിളികൊല്ലൂര്‍ ആവശ്യപ്പെട്ടു. മദ്യപിച്ചു വാഹനം ഓടിക്കുകയും യുവതിയെ അസഭ്യം പറയുകയും ചെയ്തിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറാകാത്തതിനെ തുടര്‍ന്ന് ഷെഫീക്ക് കിളികൊല്ലൂര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പോലീസ് കംപ്ലയിന്റ് അതോറിറ്റിയേയും കോടതിയേയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."