ബിന്ദുവിന് പഞ്ചായത്തിന്റെ ആശ്വാസത്തലോടല്
തിരുവമ്പാടി: ഉരുള്‍പൊട്ടലില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെടുകയും വീടും വീട്ടുപകരണങ്ങളും ഒലിച്ചുപോകുകയും ചെയ്ത കൂടരഞ്ഞി കല്‍പ്പിനി കൂരിയോട്ടുമല തയ്യില്‍തൊടി ബിന്ദുവിനു കൂടരഞ്ഞി പഞ്ചായത്തിന്റെ ആശ്വാസ തലോടല്‍.
കൂടരഞ്ഞി ടൗണില്‍ സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം വാടകവീട് സംഘടിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് സുപ്രഭാതത്തോടു പറഞ്ഞു. ബിന്ദുവിന്റെ ദയനീയാവസ്ഥയെ കുറിച്ച് ഇന്നലെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്തിന്റെ ഇടപെടല്‍.
വാടകവീട് ഏറ്റെടുക്കലിന്റെ ഭാഗമായി പ്രസിഡന്റിന്റെ പേരില്‍ എഗ്രിമെന്റ് എഴുതി. 6,000 രൂപയാണു മാസവാടക. ഇതു പഞ്ചായത്ത് നല്‍കും.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിന്ദുവും മക്കളും തിരുവോണ ദിവസമായ ശനിയാഴ്ച രാത്രിയാണ് ഡിസ്ചാര്‍ജ് ആയത്. പുന്നക്കല്‍ ഓളിക്കലിലെ ബിന്ദുവിന്റെ തറവാട്ടുവീട്ടിലാണിപ്പോള്‍ താമസം. ഭര്ക്കാവിനെയും മകനെയും അടക്കം ചെയ്തത് ഇവിടെയാണ്. മരണാനന്തര കര്‍മങ്ങള്‍ ഈ മാസം 31നു തീരും. ഇതു കഴിയുന്നതോടെ കൂടരഞ്ഞിയില്‍ പഞ്ചായത്ത് എടുത്ത വാടകവീട്ടിലേക്ക് അവര്‍ താമസം മാറുമെന്ന് പ്രസിഡന്റ് സോളി ജോസഫ് പറഞ്ഞു. തുടര്‍ന്ന് പുനരധിവസിപ്പിക്കാനും സഹായങ്ങള്‍ ചെയ്യാനും പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടലില്‍ ബിന്ദുവിനും മറ്റു രണ്ടു മക്കളായ പ്രബിത (12), പ്രിയ (8) എന്നിവര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും രണ്ടു മക്കള്‍ക്കും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
പ്രിയപ്പെട്ടവരുടെ വിരഹവേദന, പൊന്നുമക്കളുടെ ദൈന്യത മുറ്റിയ മുഖം, സ്വശരീരത്തിന്റെ മുറിവ്... കണ്ണീര്പൊഴിക്കുകയാണിവര്.
ഒരു രേഖ പോലും ബാക്കിയാക്കാതെയാണ് ഉരുള്‍ പ്രളയം ഇവരെ തനിച്ചാക്കിയത്. ആശുപത്രി ചെലവുകള്‍ നല്ല മനസുകളും അധികൃതരും ചെയ്തുതന്നത് നന്ദിയോടെ ഓര്‍ക്കുന്നു. പ്രിയതമനും മകനും നഷ്ടപ്പെട്ട് സാരമായി പരുക്കേറ്റ രണ്ടു പെണ്മക്കളെയും നെഞ്ചോടു ചേര്‍ത്ത് വറ്റിയ കണ്ണീരുമായി കഴിയുന്ന ബിന്ദുവിനു പഞ്ചായത്തിന്റെ കാരുണ്യഹസ്തം കുറച്ചൊന്നുമല്ല ആശ്വാസമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."