ന്യൂനമര്‍ദ ചുഴലിക്കാറ്റ് മുന്നറിയിപ്പ്: തീരദേശ മേഖല ആശങ്കയില്‍
ബേപ്പൂര്‍: ന്യൂനമര്‍ദ കടലാക്രമണ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പില്‍ ആശങ്ക ഒഴിയാതെ തീരദേശവാസികള്‍. ഇന്നലെ ഉച്ച മുതല്‍ ബേപ്പൂര്‍, മാറാട്, ഗോതീശ്വരം, കടലുണ്ടി തീരങ്ങളില്‍ തിരയടി രൂക്ഷമായിരുന്നു. എന്നാല്‍ രാത്രിയോടെ തിരയടി ശക്തി കുറഞ്ഞിട്ടുണ്ട്.
മാറാട് ഗോതീശ്വരത്ത് ശക്തമായ തിരയടിയില്‍ പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് കരകവിഞ്ഞു തീരദേശത്തെ വീടുകളുടെ മുന്‍വശത്തേക്ക് വ്യാപിച്ചു. ഇത് പ്രദേശവാസികളെയെല്ലാം ആശങ്കയിലാക്കിയിരിക്കുകയാണ്. കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ബേപ്പൂര്‍ പോര്‍ട്ടില്‍നിന്നു ചരക്കുമായി പോകാനിരുന്ന ഉരുക്കള്‍ക്കും താല്‍ക്കാലികമായി യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ തീരങ്ങളില്‍ കടലാക്രമണ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീലങ്കയ്ക്കു സമീപം ന്യൂനമര്‍ദ മേഖല രൂപപ്പെട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണു നടപടി. ഇന്നു രാത്രി വരെ ശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ട്. ശ്രീലങ്കയോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപം കൊള്ളും. ഇതു ശക്തമായ കാറ്റിനും വഴിവയ്ക്കും.
അതിനാല്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്നാണ് മുന്നറിയിപ്പ് . ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്നലെ വൈകിട്ടോടെ ഏറ്റവും അടുത്തുള്ള തീരത്തേക്കു മാറണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടാനും അടുത്ത 36 മണിക്കൂറില്‍ സാധ്യതയുണ്ട്.
ആശങ്കകള്‍ക്കിടയിലും ബേപ്പൂരിലെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്
ബേപ്പൂര്‍: കടല്‍ക്ഷോഭ മുന്നറിയിപ്പും ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പും നിലനില്‍ക്കേ ബേപ്പൂരില്‍ ധാരാളം ബോട്ടുകള്‍ കടലിലേക്ക് മത്സ്യബന്ധനത്തിനായി പുറപ്പെടിന്നു.
ഈസ്റ്റര്‍ പ്രമാണിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദഗ്ധരായ തമിഴ്‌നാട്ടിലെ കുളച്ചിലുകാര്‍ അവധിയായതിനാല്‍ പല ബോട്ടുകളും മത്സ്യബന്ധനത്തിന് പോയിരുന്നില്ല. കുളച്ചിലുകാര്‍ എത്തിത്തുടങ്ങിയതോടെ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നൂറില്‍പരം ബോട്ടുകളാണ് പുറംകടലിലേക്ക് പോയിട്ടുള്ളത്.
അപകട മുന്നറിയിപ്പ് കാരണം പല ബോട്ടുടമകളും നാട്ടിലേക്ക് പോയ തൊഴിലാളികളോട് വരണമോ വേണ്ടയോ എന്നു പറയാനാകാതെ ആശയക്കുഴപ്പത്തിലാണ്. ബുധനാഴ്ച കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരോട് വിളിച്ചു അന്വേഷിച്ചപ്പോള്‍ കടലില്‍ ഇപ്പോള്‍ ഈ ഭാഗത്തൊന്നും പ്രക്ഷുബ്ദമായ സാഹചര്യങ്ങള്‍ ഒന്നും ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച യും കുറേ ബോട്ടുകള്‍ കടലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."