കേരളത്തിന് മാതൃകയായി കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാംപ്
ആലപ്പുഴ: എഴുനൂറിലധികം ടോയ്‌ലറ്റുകള്‍, എണ്ണൂറോളം മുറികള്‍, അഞ്ചു നേരം ഭക്ഷണം, ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍, 15 ലക്ഷത്തിന്റെ ഓണസദ്യയും 5000 പേര്‍ക്ക് ഓണക്കോടിയും. പറഞ്ഞു വരുന്നത് ഏതെങ്കിലും കൊട്ടാരത്തിലെയോ,ഫൈവ് സ്റ്റാര്‍ ഹോട്ടലിലെയോ കാര്യമല്ല. കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാംപിലെ സൗകര്യങ്ങളെക്കുറിച്ചാണ്. അമ്മമാര്‍ ഹാപ്പിയാണ് ഇവിടെ. ഞങ്ങളുടെ ദുഃഖങ്ങള്‍ക്ക് ഒരു ഇടവേള നല്‍കി ഈ ക്യാംപെന്ന് അടിവരയിട്ടു പറയുന്നു കുട്ടനാട്ടിലെ അമ്മമാര്‍.
കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ 540 ല്‍ അധികം വരുന്ന ചിക്കര മുറികളും സ്‌കൂളിന്റെ 100 വലിയ ക്ലാസ് മുറിയും 5000 ഓളം വരുന്ന കുട്ടനാട്ടുകാര്‍ക്ക് ഒരാഴ്ചയില്‍ അധികമായി ആശ്വാസം ഏകുകയാണ്. മറ്റുക്യാമ്പുകളില്‍ നിന്ന് കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ശൗചാലയ സൗകര്യമാണ്. ചിക്കര കൊട്ടിലിലെ 540 യൂറോപ്യന്‍ ക്ലോസറ്റുകളോട് കൂടിയ സ്ഥിരം ശൗചാലയങ്ങളും അമ്പലത്തിന്റെ ശൗചാലയ സമുച്ചയവും ഉള്‍പ്പടെ 700 ശൗചാലയങ്ങള്‍ ഉള്ള ഏക ദുരിതാശ്വാസ ക്യാമ്പ് കണിച്ചുകുളങ്ങരയിലേതാണ്.
വീട്ടില്‍ മൂന്നു നേരം ഭക്ഷണം കഴിച്ചിരുന്ന ഞങ്ങള്‍ക്ക് അഞ്ചു നേരം സുഭിക്ഷ ഭക്ഷണം കിട്ടുന്നുവെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. രാവിലെ 5.30 ന് ബെഡ് കോഫിയും ബിസ്‌ക്കറ്റും ഒമ്പതിന് പ്രഭാത ഭക്ഷണം ഉച്ചയ്ക്ക് പഴം കൂട്ടിയുള്ള സദ്യ, വൈകിട്ട് മുട്ടയും ഏത്തപ്പഴവും രാത്രി ചപ്പാത്തി വേണ്ടവര്‍ക്ക് ചപ്പാത്തി, ഊണു വേണ്ടവര്‍ക്ക് ഊണ്. അമ്പലത്തിന്റെ പ്രവര്‍ത്തകരാണ് ഭക്ഷണ വിതരണത്തിന് മുന്‍കൈ എടുക്കുന്നത് കൂടാതെ എസ്.എന്‍.ഡി.പി., വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ക്യാമ്പില്‍ ഉണ്ട്.
കുട്ടനാട്ടിലെ ദുരിത ബാധിതര്‍ കഴിയുന്ന കണിച്ചുകുളങ്ങര ക്യാമ്പില്‍ എല്ലാവര്‍ക്കും ഓണസദ്യ ഒരുക്കുവാനുള്ള അരി കുട്ടനാട് എസ്.എന്‍.ഡി.പി.യൂണിയന്‍ നല്‍കി.15000പേര്‍ക്കാണ് കണിച്ചുകുളങ്ങരയില്‍ ഓണസദ്യ ഒരുക്കിയത്. സദ്യയ്ക്കുള്ള പലചരക്ക് വൈക്കം യൂണിയനും,പച്ചക്കറി, ഇല, കുടിവെള്ളം എന്നിവ ചേര്‍ത്തല യൂണിയനും നല്‍കി.മറ്റ് വിഭവങ്ങള്‍ കട്ടപ്പന,കോട്ടയം തുടങ്ങിയ യൂണിയനുകളുടേയും വ്യക്തികളുടേയും വകയായി ക്യാമ്പില്‍ എത്തി.
ഓണസദ്യക്കായി 15 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. സദ്യയ്ക്കു പുറമേ ക്യാമ്പംഗങ്ങള്‍ക്ക് 10ലക്ഷം രൂപയുടെ ഓണക്കൈനീട്ടവും മുഴുവന്‍ അംഗങ്ങള്‍ക്കും ഓണപ്പുടവയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കി. സുസജ്ജമായ മെഡിക്കല്‍ സംഘം കണിച്ചുകുളങ്ങര ക്യാംപില്‍ ഉണ്ട്. പി.എച്ച്.സി. ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സേവനം കൂടാതെ ഹോമിയോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പിനെ വ്യത്യസ്തമാക്കുന്നു.കോസ്റ്റ് ഗാര്‍ഡിന്റെ മെഡിക്കല്‍ സംഘവും ക്യാമ്പില്‍ എത്തിയിരുന്നു. കഴിഞ്ഞദിവസം മഹാരാഷ്ട്ര മന്ത്രിയുടെ നേതൃത്വത്തില്‍ 30 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ഗുരുതര രോഗങ്ങള്‍ ഒന്നും തന്നെ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വളംകടി,ശരീരം വേദന,പനി തുടങ്ങിയ രോഗങ്ങളാണ് ഭൂരിഭാഗം അന്തേവാസികള്‍ക്കും. മാനസിക വളര്‍ച്ച ഇല്ലാത്ത കുട്ടികള്‍ക്കും കുടുംബത്തിനും, ഗര്‍ഭിണികള്‍ക്കും പ്രത്യേക പരിചരണവും, മുറികളും നല്‍കി മാതൃക ആവുകയാണ് കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പ്.
വൈകുന്നരമായാല്‍ ഗേള്‍സ് സ്‌കൂളില്‍ ആഘോഷങ്ങള്‍ തുടങ്ങുകയായി. മാനസിക വ്യഥ മറന്ന് എല്ലാവരും ഒന്നാകും പിന്നെ കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പില്‍ നാടന്‍പാട്ടും,മിമിക്രിയും ഒക്കെയായി. ഒട്ടേറെ സെലിബ്രിറ്റികളും ക്യാമ്പില്‍ നിത്യസന്ദര്‍ശകരാണ്. ഞായറാഴ്ച ടോവിനോ തോമസ് ക്യാമ്പില്‍ എത്തി. വോളിബോള്‍, ഫുട്‌ബോള്‍ കളികളുമായി കൗമാരവും തിരക്കിലാകും ഇവിടെ. വെള്ളം ഒഴിയുന്നു എന്ന ആശ്വാസത്തോടെ എല്ലാവര്‍ക്കും നന്ദിപറഞ്ഞ് തിരികെ മടങ്ങാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ക്യാമ്പിലെ കുട്ടനാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."