പട്ടാമ്പി പാലം അടുത്ത മാസം ആറിന് തുറക്കും: മുഹമ്മദ് മുഹസിന്‍ എം.എല്‍.എ
പട്ടാമ്പി : പുഴ നിറഞ്ഞു വെള്ളം കയറി കൈവരികളും സമീപ റോഡും കേടായ പട്ടാമ്പി പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ആറിനു ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍എ.
മഴയോ മറ്റു തടസ്സങ്ങളോ ഉണ്ടായില്ലെങ്കില്‍ ആറിനകം പണി തീരത്തക്കവിധത്തിലാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ കൈവരികളുടെ നിര്‍മാണവും പാലത്തിനു മുകളില്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കേടായ റോഡിന്റെ ഉപരിതലം ബലപ്പെടുത്തലും അപ്രോച്ച് റോഡിന്റെ നവീകരണവുമാണു നടത്തുന്നത്. ഇതിന്റെയെല്ലാം പണി പുരോഗമിക്കുന്നതായി എം.എല്‍.എ അറിയിച്ചു.
പാലത്തിലൂടെ കാല്‍നട യാത്ര അനുവദിച്ചതിനാല്‍ കാല്‍നടയാത്രക്കാരുടെ വഴി തടസ്സപ്പെടാതെയുള്ള പണിയെ നടത്താനാകൂ. യാത്രക്കാരുടെ വിഷമം കണക്കിലെടുത്തു യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെയാണു പണി പുരോഗമിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
കൈവരികളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ പാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടുമെന്നും തുടര്‍ന്നുള്ള പരിശോധനയ്ക്കു ശേഷം വലിയ വാഹനങ്ങളും കടത്തി വിടുമെന്നാണു പൊതുമരാമത്ത് വകുപ്പ് റോഡ്, പാലം വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
പുഴയിലെ വെള്ളം കൂടുതല്‍ താഴ്ന്നതോടെ പാലത്തിന്റെ തൂണുകളുടെ അടിവരെ കാണുന്നുണ്ടിപ്പോള്‍. കാഴ്ചയില്‍ തൂണുകള്‍ക്കു ബലക്ഷയമില്ലാത്തിനാല്‍ വൈകാതെ തന്നെ പാലത്തിലൂടെ വലിയവാഹനങ്ങള്‍ക്കും ഓടാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
പാലത്തിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും കൂടുതല്‍ ബലപ്പെടുത്തല്‍ ആവശ്യമെന്നുകണ്ടാല്‍ പിന്നീടു നടത്തുമെന്നും മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു.
ഇപ്പോള്‍ നടക്കുന്ന പണിയുടെ ഗുണനിലവാരം ഉറപ്പാക്കും. പണിയുടെ പുരോഗതി വിലയിരുത്താന്‍ പാലത്തിനു സമീപം എത്തിയതായിരുന്നു എം.എല്‍.എ. നഗരസഭാധ്യക്ഷന്‍ കെ.എസ്.ബി.എ.തങ്ങള്‍, പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ ജീവരാജ്, സുപ്രണ്ടിങ് എന്‍ജിനീയര്‍ മിനി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലേഖ, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ് എന്നിവരും ഉണ്ടായിരുന്നു.
പാലം പണിയെച്ചൊല്ലി തര്‍ക്കങ്ങളും
പാലം നവീകരണം മന്ദഗതിയിലെന്നു നഗരസഭ ചെയര്‍മാന്‍, നവീകരണം യുദ്ധകാലാടിസ്ഥാനത്തിലെന്ന് എം.എല്‍.എ. ഭാരതപ്പുഴ പാലത്തിനു മുകളിലൂടെ ഒഴുകി കേടായ പട്ടാമ്പി പാലം നവീകരണത്തെക്കുറിച്ചാണു നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ.തങ്ങള്‍ക്കും മുഹമ്മദ് മുഹസിന്‍ എം.എല്‍.എ ക്കും വ്യത്യസ്താഭിപ്രായം.
പാലം നവീകരണം പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയതായിരുന്നു നഗരസഭ ചെയര്‍മാനും എംഎല്‍എയും. ടൗണില്‍ വെള്ളം കയറിയതോടെ കോടികളുടെ നഷ്ടമാണു വ്യാപാരികള്‍ക്കുണ്ടായത്. പാലം അടച്ചതോടെ പട്ടാമ്പി ഉറങ്ങി. കൈവരികള്‍ നിര്‍മിക്കല്‍ വലിയ ജോലിയൊന്നുമല്ല. രണ്ടോ മൂന്നോ ദിവസം കൊണ്ടു തീര്‍ക്കാവുന്ന ജോലി ഒരാഴ്ച പിന്നിട്ടിട്ടും തീര്‍ക്കാനാവുന്നില്ല.
കൂടുതല്‍ ജോലിക്കാരെകൊണ്ടു വന്നു ജോലി തീര്‍ത്ത് പാലം ഉടന്‍ ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്നു കെ.എസ്.ബി.എ.തങ്ങള്‍ ആവശ്യപ്പെട്ടു. പാലം അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം അനുവദിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 25 ലക്ഷം ചെലവഴിച്ചു നടത്തുന്ന പണിയൊന്നും കാണുന്നില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. അതേ സമയം നഗരസഭ ചെയര്‍മാന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാലം നവീകരണ ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെയാണു നടക്കുന്നതെന്നും മുഹമ്മദ് മുഹസിന്‍ എംഎല്‍എ പറഞ്ഞു.
നവീകരണത്തിന് എത്ര രൂപയാണ് അനുവദിച്ചതെന്ന ചോദ്യത്തിനു തനിക്കറിയില്ലെന്നും നഗരസഭ ചെയര്‍മാനോടു ചോദിക്കണമെന്നുമായിരുന്നു എംഎല്‍എ യുടെ മറുപടി. തന്റെ അറിവ് പ്രകാരം പാലം നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടില്ലെന്നും നിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷമേ കരാറുകാരനു ഫണ്ട് നല്‍കുകയുള്ളൂ എന്നുമാണെന്ന് എംഎല്‍എ പറഞ്ഞു.
പാലത്തില്‍ കൈവരികള്‍ക്കൊപ്പം ലൈറ്റുകളും സ്ഥാപിക്കണമെന്ന് കെ.എസ്.ബി.എ.തങ്ങള്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടിരുന്നു. ലൈറ്റ് സ്ഥാപിക്കലൊക്കെ പിന്നീട് ആലോചിക്കുമെന്നായിരുന്നു എംഎല്‍എയുടെ ഇക്കാര്യത്തിനുള്ള മറുപടി. അതേ സമയം പാലം നവീകരണം ഇഴഞ്ഞാണു നീങ്ങുന്നതെന്നു പരാതി വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."