പ്രളയ ബാധിത പ്രദേശങ്ങളുടെ സമഗ്രമായ പുന:സൃഷ്ടി ലക്ഷ്യമാക്കി 'അതിജീവനം'
അങ്കമാലി: നിയോജകമണ്ഡലത്തിലെ പ്രളയ ബാധിത പ്രദേശങ്ങളുടെ സമഗ്രമായ പുന:സൃഷ്ടി ലക്ഷ്യമാക്കി 'അതിജീവനം' എന്ന പേരില്‍ ഒരു സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും, പുറത്തുമുള്ള വിവിധ സന്നദ്ധ സംഘടനകളുടെയും, വ്യക്തികളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യപടിയായി നിയോജകമണ്ഡലത്തിലെ പ്രളയ ബാധിത കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കുളുകളില് പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.
പലതരത്തിലുള്ള സഹായങ്ങള്‍ ഒഴുകി എത്തുന്നുണ്ടെങ്കിലും പഠനോപകരണങ്ങള്‍ വളരെ നാമമാത്രമായിട്ടാണ് ലഭിക്കുന്നുള്ളു. അതുകൊണ്ടാണ് ഇത്തരമൊരു സഹായത്തെക്കുറിച്ച് ആലോചിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. പ്രളയ ബാധിത വീടുകളിലെ വിദ്യാര്‍ത്ഥികളുടെ കണക്ക് ശേഖരിക്കാന്‍ എം.എല്‍.എ അങ്കമാലി എ.ഇ.ഒക്കും, ബി.ആര്.സിക്കും നിര്‍ദ്ദേശം നല്കി. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി അതാത് സ്കുളുകള്‍ വഴി പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ആനുകുല്യങ്ങള്‍ക്ക് അപ്പുറം പ്രളയബാധിതര്‍ക്കായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്ലാവരുടെയും സഹകരണത്തോടെ വിവിധ പരിപാടികള്‍ നടപ്പിലാക്കുമെന്നും റോജി എം. ജോണ്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."