ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം
എരുമപ്പെട്ടി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ് കടങ്ങോട് പഞ്ചായത്തിലെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും. പന്നിത്തടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമെന്ന കൂട്ടായ്മയിലൂടെയാണ് മേഖലയിലെ യുവാക്കള്‍ പ്രളയബാധിതര്‍ക്ക് സഹായികളായി മാറിയിരിക്കുന്നത്.
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമെന്ന വാക്യം യാഥാര്‍ത്ഥ്യമാക്കുകയാണ് പന്നിത്തടം മേഖലയിലെ ഒരു കൂട്ടം മനുഷ്യ സ്‌നേഹികളുടെ കൂട്ടായ്മ. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കിയാണ് ഇവര്‍ ദുരിത ബാധിതര്‍ക്ക് താങ്ങായ് മാറുന്നത്.
ഓഗസ്റ്റ് 21ന് ആരംഭിച്ച ശുചീകരണ ദൗത്യം കൂടുതല്‍ പങ്കാളിത്വത്തോടെ ഇപ്പോഴും തുടരുകയാണ്. ചാവക്കാട് താലൂക്കിലെ തൈക്കാട് വില്ലേജ്, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളിലായി നൂറിന് മുകളില്‍ വീടുകള്‍ ഇതിനകം ശുചീകരിച്ച് കഴിഞ്ഞു.
ഇപ്പോള്‍ ചേര്‍പ്പ് മേഖലയിലും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
ചിറമനേങ്ങാട് യുവരശ്മി ക്ലബ്ബ്, സ്പാര്‍ക്ക് നെല്ലിക്കുന്ന്, സൗഹൃദ വായനശാല, ടീം വല്ലിക്ക പന്നിത്തടം, ഇശാത്തു സുന്ന, ജ്ഞാനോദയം വായനശാല, ഗേങ്ങേഴ്‌സ് ക്ലബ്ബ് എന്നിവയിലെ 150 ല്‍ പരം അംഗങ്ങള്‍ ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പങ്കാളികളായിട്ടുണ്ട്.ടെല്‍കോണ്‍ കബീര്‍, റഫീക്ക് ഹൈദ്രോസി, എന്‍.എസ്.സത്യന്‍, സത്താര്‍ ആദൂര്‍, ബാഹുലേയന്‍,ഉമ്മര്‍ മുസ്ലിയാര്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഞങ്ങള്‍ നിങ്ങളോടുകൂടെയെന്ന കൂട്ടായ്മ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."