വേനല്‍മഴ: പേരാമ്പ്ര മേഖലയില്‍ വന്‍ നാശനഷ്ടം
പേരാമ്പ്ര: കഴിഞ്ഞ ദിവസം പേരാമ്പ്രയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടങ്ങള്‍. ശക്തമായ കാറ്റില്‍ ടൗണിലെ ജൂബിലി റോഡില്‍ മൊറോളി പറമ്പത്ത് റോസ് വില്ലയില്‍ വിജയ ലക്ഷ്മിയുടെ വീട് തെങ്ങ് വീണ് തകര്‍ന്നു. മൊറോളിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിന് മുകളില്‍ തെങ്ങ് വീണു. ഷെഡില്‍ ആളുണ്ടായിരുന്നെങ്കിലും സംഭവം നടക്കുമ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ജൂബിലി റോഡില്‍ പാലോളി ലക്ഷ്മിക്കുട്ടിയുടെ വീടിനു മുകളിലും നിര്‍ത്തിയിട്ട വാഹനത്തിനു മുകളിലും മതിലിനും മാവ് വീണ് കേടുപാട് സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും കല്ലോട് ഭാഗത്തും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ നാശനഷ്ടവും സംഭവിച്ചത്. പേരാമ്പ്ര കല്ലോട് സെന്റ്മീരാസ് സ്‌കൂളിന് സമീപം കല്ലിടക്കല്‍ മുഹമ്മദിന്റെ വീടിന് മുകളിലേക്ക് സമീത്തെ പറമ്പില്‍ നിന്ന് തെങ്ങും കവുങ്ങും കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളും സ്ലാബും പ്ലംബിങ്ങും തകര്‍ന്നു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കല്ലോട് കല്ലൂര്‍ റോഡില്‍ അങ്കണവാടിക്കു സമീപം കോളോറ ഇടത്തില്‍ ബിജുവിന്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിന്റെ ഒരു ഭാഗം പൂര്‍ണമായും മറ്റു ഭാഗങ്ങളിലെ ചുമരിനും മുന്‍ വശത്തെ ഫില്ലറിനും കേട്പാടുകള്‍ സംഭവിച്ചു. ഈ സമയം വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കല്ലൂര്‍ റോഡില്‍ നാഗത്ത് രാധ അമ്മയുടെ ഇരുനില ഓട് മേഞ്ഞ വീടിന് മുകളില്‍ മുറ്റത്തെ തെങ്ങ് വീണ് മുകള്‍ നിലയിലെ ഓടും കഴുക്കോലും തകര്‍ന്നു. ചക്കിട്ടപാറ മേഖലയിലും വ്യാപക നാശനഷ്ടം. നരിനട റോഡിലെ കോമത്ത് പാറയിലാണു കൂടുതല്‍ നഷ്ടമുണ്ടായത്. ഒട്ടേറെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍കൂരയുടെ ഷീറ്റുകളും ഓടുകളും പാറിപ്പോയി.
മരങ്ങള്‍ കടപുഴകി വീണും നാശ നഷ്ടമുണ്ടായിട്ടുണ്ട്. പല ഭാഗത്തും വൈദ്യുതി വിതരണം മുടങ്ങി. പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. റബര്‍, കമുങ്ങ്, വാഴ എന്നിവ വ്യാപകമായി നശിച്ചു. ഇടത്തിനാല്‍ ഷീബ ജോര്‍ജിന്റെ പൗള്‍ട്രി നഴ്‌സറി തകര്‍ന്നു 43 ദിവസം പ്രായമായ എഴുനൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. വാലുമണ്ണേല്‍ ഷിബു അബ്രഹാമിന്റെ വീടിന്റെയും മോട്ടോര്‍ പുരകളുടെയും മേല്‍കൂര കാറ്റില്‍ പറന്നു പോയി. റബര്‍ മരങ്ങള്‍ അടക്കം ഒട്ടേറെ കൃഷി നശിച്ചു. ചെറുവിലാട്ട് അനീഷിന്റെ കുടുംബം താമസിക്കുന്ന ടിന്‍ ഷീറ്റ് മേഞ്ഞ വീടിനു മേല്‍ വന്‍ മരം വീണു തകരാര്‍ സംഭവിച്ചു. കുന്നത്ത് നാരായണന്റെ ഇലട്രിക് മീറ്റര്‍ സ്ഥാപിച്ച കല്‍ത്തൂണ്‍ തകര്‍ന്നു. കൃഷിയിടത്തിലെ റബര്‍ മരങ്ങളും നശിച്ചിട്ടുണ്ട്. ചാത്തപറമ്പത്ത് മാധവി അമ്മയുടെ വീടിനു മേല്‍ മരം വീണ് കേടുപടുകള്‍ സംഭവിച്ചു. മുക്കള്ളില്‍ അരിയന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പാറിപ്പോയി. കുന്നുമ്മല്‍ കണാരന്റെ പശു തൊഴുത്തിന്റെ മേല്‍ക്കൂരക്കു മുകളില്‍ മരം വീണു കേടുപാട് സംഭവിച്ചു. കാവുംപുറത്ത് അരിയനും കുടുംബവും താമസിക്കുന്ന വീടിന്റെ മേല്‍കൂരയുടെ ഷീറ്റുകള്‍ പൊളിഞ്ഞു പോയിട്ടുണ്ട്.മേപ്പയ്യൂര്‍ വിളയാട്ടൂരിലെ മുറിച്ച അയിമ്പാടി നബീസയുടെ വീടിനോട് ചേര്‍ന്ന വിറക്പുരയും കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും തെങ്ങ് വീണ് തകര്‍ന്നു.അയ്യപ്പന്‍ കണ്ടി കുഞ്ഞബ്ദുല്ലയുടെ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് കേടുപാടുകള്‍ സംഭവിച്ചു. കൂത്താളി മൂരികുത്തിയില്‍ പാച്ചേരി മീത്തല്‍ സതിയുടെ വീടിന് മുകളില്‍ മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. പൈതോത്ത് റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങി. പേരാമ്പ്ര ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഇരുമ്പ് തകിട് ഷീറ്റുകള്‍ കാറ്റില്‍ പറന്നു. വൈദ്യുതി ബന്ധവും താറുമാറായിരിക്കയാണ്. ഏകദേശം 15 മിനിറ്റിലേറെ ശക്തമായ കാറ്റും മഴയും ഇതോടൊപ്പം കനത്ത ഇടിയും മിന്നലുമുണ്ടായി. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."