ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികള്‍ രക്ഷപ്പെട്ടു
ബേപ്പൂര്‍: വെള്ളിയാഴ്ച രാവിലെ അഞ്ചര മണിയോടെ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തുനിന്നും തീരക്കടല്‍ മത്സ്യബന്ധനത്തിന് പോയ ഡോണ്‍ എന്ന ചെറിയ മരബോട്ടാണ് അഴിമുഖത്ത് എത്തുന്നതിനു മുന്‍പ് കോസ്റ്റല്‍ പോലിസ് സ്റ്റേഷനുസമീപം ബേപ്പൂര്‍ പുഴയില്‍ മുങ്ങിയത്. ബേപ്പൂര്‍ പാലക്കല്പറമ്പില് താമസിക്കുന്ന വലിയോളി ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ബോര്‍ഡ് എന്ജിന് ബോട്ടിന്റെ സ്റ്റിയറിങ്ങില്‍ റോപ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും തിരയിലും കാറ്റിലുംപെട്ട് പുലിമുട്ടിലെ കല്ലില്‍ ഇടിച്ചു പലകയടര്ന്ന് വെള്ളം കയറുകയുമായിരുന്നു. ബോട്ടിലെ സ്രാങ്ക് സജല്‍ ദാസ് തൊഴിലാളികളായ സഞ്ജയ് ദാസ്, അരുണ്‍ദാസ്, ജിനൂ ദാസ് എന്നീ കല്ക്കത്തകാരായ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന ധനലക്ഷ്മി എന്ന ബോട്ടുകാര് രക്ഷപ്പെടുത്തി. തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളും പണവും മറ്റുവസ്തുക്കളും നഷ്ടപ്പെട്ടു. ബോട്ടിലെ ജി.പി.ആര്.എസ് സിസ്റ്റം, വയര്‍ലെസ് സെറ്റുകള്‍ , 300 ലിറ്റര്‍ ഡീസല്‍, വലകള്‍, ബാറ്ററി, ലൈലന്‍ഡ് എന്ജിന്, ഓയില്‍, ഡൈനാമോ, സ്റ്റാട്ടര്‍, ലൈനര്‍, പിസ്റ്റണ്‍ എന്നീ ഇലക്ട്രിക് ഉപകരണങ്ങളും പൂര്‍ണമായി നശിച്ചു. ഇതില്‍ ഒരു ജോലിക്കാരന്റെ രേഖയും പണവും അടങ്ങുന്ന ബാഗ് സൈതാലി എന്ന തോണിക്കാരന് കരുവന്തിരുത്തിവച്ച് കിട്ടിയത് തിരിച്ചേല്‍പ്പിച്ചു. പൂര്‍ണ്ണമായും പുഴയില്‍ മുങ്ങിപ്പോയ ബോട്ട് ചാലിയത്തു കാരായ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ റോപ്പ് കെട്ടി ധനലക്ഷ്മി, വലിയ ഡോണ്‍ എന്നീ ബോട്ടുകളുടെ സഹായത്തോടെ ഉച്ചക്ക് ഒരു മണിയോടെ കക്കാടത്ത് ഗംഗാധരന്റെ യാര്‍ഡില്‍ എത്തിച്ചു.
പൂര്‍ണ്ണമായും തകര്‍ന്ന ബോട്ടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും സമയം വേണ്ടിവരമെന്നും അഞ്ചു ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായും ബോട്ടുടമ ലത്തീഫ് സുപ്രഭാതത്തിനോട്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."