വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മരണ കാരണം നെഞ്ചിനേറ്റ കുത്തെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട യുവാക്കളുടെ മരണകാരണം നെഞ്ചിനേറ്റ കുത്തെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാക്കളുടെ മുഖത്തും ദേഹത്തും തലയിലും മുറിവുകളുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് പൊലിസിന്റെ എഫ്.ഐ.ആര്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ ഒമ്പതു പേര്‍ കസ്റ്റഡിയിലാണ്.
അതിനിടെ കോണ്‍ഗ്രസ് ഓഫിസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വെമ്പായത്ത് ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവസ്ഥലത്തെത്തിയതെന്നാണ് പൊലിസ് പറയുന്നത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥിലാജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത്. നേരത്തെ ഡി.വൈ.എഫ്.ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്. കൊലക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഗുരുതരമായി വെട്ടേറ്റ മിഥില്‍ രാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹഖ് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹഖ് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."