മുംബൈ കമ്പനിക്ക് ഭൂമി വിറ്റ സംഭവം; അന്വേഷണത്തിന് അഞ്ചംഗ സംഘം
തൊടുപുഴ: ചിന്നക്കനാലില്‍ 11.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ കൈവശം എത്തിയ സംഭവം അന്വേഷിക്കാന്‍ റവന്യൂമന്ത്രി പ്രത്യേക സംഘത്തെ നിയോഗിച്ചു.
സമാനമായി ഉടുമ്പചോല, ദേവികുളം താലൂക്കുകളില്‍ കൈമാറ്റം ചെയ്ത ഭൂമി ഇടപാടുകളും അഞ്ചംഗ സംഘം അന്വേഷിക്കും. ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജ്, ലാന്റ് റവന്യൂ കമ്മീഷണര്‍, മൂന്ന് മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.
മൂന്നാര്‍ ദൗത്യസമയത്ത് ഏറ്റെടുത്ത 70 ഏക്കര്‍ ഭൂമിയിലെ 30 കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് അപ്പോത്തിയോസിസ് ഇന്ഫ്രാസ്ടച്ചര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കിയത്. സ്ഥലം പോക്കുവരവ് നടത്തി നല്കാന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവ് വന്നിരുന്നു. പാപ്പാത്തിച്ചോലയിലെ കുരിശിന്റെ മറവിലുള്ള കൈയേറ്റം നടത്തിയ വെള്ളൂക്കുന്നില്‍ കുടുംബാംഗം ജിമ്മി സ്കറിയയാണ് ചിന്നക്കനാലിലെ കോടികള്‍ വിലവരുന്ന ഭൂമി 2009ല്‍ ഈ കമ്പനിക്ക് വിറ്റത്. സംഭവത്തില്‍ സ്ഥലം കൈമാറ്റത്തിന് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നതായും അന്നത്തെ ഉടുമ്പന്‍ച്ചോല തഹസില്‍ദാര്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ഥലം തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ മന്ത്രി അഡ്വക്കേറ്റ് ജനറലിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."