ദലിത് പീഡനങ്ങള്‍ക്കെതിരേ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: രാജ്യത്ത് ദലിത് വിഭാഗങ്ങള്‍ക്കെതിരേ താലിബാന്‍മോഡല്‍ ആക്രമണങ്ങളാണു നടക്കുന്നതെന്നാരോപിച്ചു രാജ്യസഭയില്‍ പ്രതിപക്ഷം ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചു. ദലിതര്‍ക്കെതിരായി നടന്ന അക്രമങ്ങളില്‍ ഗുജറാത്ത് മോഡല്‍ അങ്ങേയറ്റം അപലപനീയമാണെന്നും പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആരോപിച്ചു. ഗുജറാത്തില്‍ ദലിത് വിഭാഗങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തില്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമാണുള്ളതെന്നും ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഗുജറാത്ത് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം തയാറാക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ചര്‍ച്ചയ്ക്കു മറുപടി പറയവേ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ആറു മാസത്തിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് ദലിത്‌വിരുദ്ധ മാനസികാവസ്ഥ നീക്കം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
അതിനിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഗുജറാത്തില്‍ ഇത്തരം അക്രമസംഭവങ്ങള്‍ കുറവാണെന്നു സ്ഥാപിക്കാനുള്ള രാജ്‌നാഥിന്റെ ശ്രമം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.
എന്നാല്‍ രാജ്യത്ത് പശുസംരക്ഷണം അത്യാവശ്യമാണെന്നും എന്നാല്‍ മനുഷ്യരെ ആരാണു രക്ഷിക്കുകയെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര സാമൂഹികനീതി സഹമന്ത്രി രാംദാസ് അത്തേവാല ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."