രണ്ടിലയും പാര്‍ട്ടിയും സ്വന്തം വിലപേശലിലും കരുത്ത് നേടി ജോസ് കെ. മാണി ജോസഫിന്റെ പ്രതീക്ഷ അപ്പീലില്‍
കോട്ടയം: രണ്ടിലയും കേരള കോണ്‍ഗ്രസി (എം) ന്റെ അവകാശവും തിരിച്ചു പിടിച്ച ജോസ് കെ.മാണിയും കൂട്ടരും മുന്നണി രാഷ്ട്രീയത്തില്‍ വിലപേശലിന്റെ കരുത്തും കൂട്ടുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരേ ജോസഫ് വിഭാഗം ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി നിയമ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുമ്പോഴും ജോസ് പക്ഷം കെ.എം മാണി കെട്ടിപ്പൊക്കിയ തറവാട് തിരിച്ചുപിടിച്ച് കരുത്തരായതിന്റെ ആഹ്ലാദത്തിലാണ്. അപ്പീല്‍ അനുകൂലമായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കുക എന്നതാണ് പി.ജെ ജോസഫിന്റെ മുന്നിലുള്ള വഴി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റെ് സ്ഥാനത്തെ ചൊല്ലി യു.ഡി.എഫില്‍ നിന്നും പുറത്തായ ജോസ് പക്ഷം രാഷ്ട്രീയ തിരിച്ചടികളിലൂടെ കടന്നു പോകുന്നതിനിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി അനുകൂലമായത്. ഇതോടെ
വിലപേശല്‍ ശക്തി തിരിച്ചു കിട്ടിയ ജോസ് കെ.മാണിയും കൂട്ടരും കരുതലോടെയുള്ള രാഷ്ട്രീയ നീക്കത്തിനാണ് ഒരുങ്ങുന്നത്. സി.പി.എമ്മും ഇടത് മുന്നണിയുമായും തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സഹകരണത്തിനുള്ള നീക്കം ജോസ് പക്ഷം സജീവമാക്കിയിരുന്നു. എന്നാല്‍, കമ്മിഷന്റെ തീരുമാനം അനുകൂലമായതോടെ യു.ഡി.എഫിനെതിരായ നിലപാട് മയപ്പെടുത്തി. യു.ഡി.എഫിനെ കടന്നാക്രമിക്കാതെ വലത്, ഇടത് മുന്നണികള്‍ ഒരു പോലെയെന്ന സന്ദേശമാണ് ജോസ് കെ.മാണി നല്‍കുന്നത്. ഏതു മുന്നണിയിലാണോ കൂടുതല്‍ നേട്ടം, അങ്ങോട്ടു പോകുകയെന്നതായിരിക്കും പുതിയ നിലപാട്.
ജോസഫ് ഗ്രൂപ്പിന് മേല്‍ നേടിയ മേല്‍ക്കൈ പരമാവധി പ്രയോജനപ്പെടുത്താനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. നിയമസഭ സീറ്റുകളില്‍ ഉള്‍പ്പെടെ ധാരണയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം എന്നതാണ് തീരുമാനം. യു.ഡി.എഫുമായി ചര്‍ച്ചയ്ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ലെന്ന സൂചനയും ജോസ് കെ. മാണി നല്‍കുന്നു. ഇടതിനേക്കാള്‍ യു.ഡി.എഫിന് തന്നെയാണ് ജോസ് പക്ഷത്ത് മുന്‍തൂക്കം. എങ്കിലും, വിലപേശി കൂടുതല്‍ സീറ്റുകള്‍ ഉറപ്പിച്ച് നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. പാല ഉള്‍പ്പെടെ സീറ്റുകളെ ചൊല്ലി എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പും ജോസ് പക്ഷത്തിന്റെ ഒന്നാമത്തെ പരിഗണന യു.ഡി.എഫിന് നല്‍കാന്‍ കാരണമാകുന്നുണ്ട്.
ചിഹ്നവും പാര്‍ട്ടിയും സ്വന്തമായതോടെ വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള നീക്കവും ജോസ് പക്ഷം തുടങ്ങിയിട്ടുണ്ട്. പി.ജെ ജോസഫും മോന്‍സ് ജോസഫും ഒഴികെയുള്ളവരെ തിരിച്ചെത്തിക്കാനാണ് ശ്രമം.
സി.എഫ് തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ പി.ജെ ജോസഫിന് ഇരട്ടപ്രഹരം നല്‍കാനാകുമെന്നും ജോസ് പക്ഷം കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയ്‌ക്കെതിരേ നല്‍കുന്ന അപ്പീലില്‍ സ്‌റ്റേ കിട്ടിയില്ലെങ്കില്‍ പഴയ കേരള കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കുക എന്നത് മാത്രമാണ് പി.ജെ ജോസഫിന്റെ മുന്‍പിലുള്ള പോംവഴി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ പാര്‍ട്ടിയും ചിഹ്നവും കൈവിട്ടത് ജോസഫ് വിഭാഗത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരേ കോടതിയില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകുമോയെന്ന ആശങ്കയും ജോസഫ് വിഭാഗത്തിനുണ്ട്.
യു.ഡി.എഫിന്റെ തീരുമാനം കൂടി അനുസരിച്ചാവും ജോസഫിന്റെ അടുത്ത നീക്കം. വിപ്പ് ലംഘിച്ചതിന് ജോസഫ് വിഭാഗത്തിനെതിരേ നടപടിക്കുള്ള നീക്കവും ജോസ് പക്ഷം സജീവമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലും ജോസഫ് അനുകൂലികള്‍ക്കെതിരേ വിപ്പ് ലംഘനത്തിന് അച്ചടക്ക നടപടി എടുക്കാന്‍ ജില്ല പ്രസിഡന്റെുമാര്‍ക്ക് ജോസ് കെ. മാണി നിര്‍ദേശം നല്‍കി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."