മഹാശുചീകരണയജ്ഞം തുടങ്ങി; കുട്ടനാടിനായി ആയിരങ്ങള്‍
ആലപ്പുഴ: പ്രളയാനന്തരം നടന്ന മഹാശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി ആയിരങ്ങള്‍ ഒരിക്കല്‍ കൂടി രാജ്യത്തിന് മുന്നില്‍ പുതിയ മാതൃക ഉയര്‍ത്തി. മന്ത്രിമാര്‍ മുതല്‍ സാധാരണക്കാരന്‍ വരെയുള്ള ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒരു മെയ്യും കൈയ്യുമായി കുട്ടനാടിനായി കൈകോര്‍ത്തു. കൈലിയും മുണ്ടുമുടുത്തിറങ്ങിയ ജനക്കൂട്ടത്തിനിടയില്‍ അതേ വേഷത്തിലിറങ്ങിയ മന്ത്രിമാരെയോ ജനനേതാക്കളെയോ ഉദ്യോഗസ്ഥ പ്രമുഖരെയോ ആരും തിരിച്ചറിഞ്ഞില്ല. അവരുടെ ലക്ഷ്യ ഒന്നു മാത്രമായിരുന്നു-പ്രളയ ബാധിതരായ തങ്ങളുടെ സഹോദരങ്ങളെ തിരികെ കുട്ടനാട്ടിലെ അവരുടെ വീടുകളിലെത്തിക്കണം.
നാലുദിവസംമുമ്പു മാത്രം ആസൂത്രണംചെയ്ത പദ്ധതി സംസ്ഥാനമാകെ ഏറ്റെടുത്തെന്നു വെളിവാക്കുന്നതായിരുന്നു അതിലെ ജനപങ്കാളിത്തം. കാസറഗോഡ് മുതല്‍ പാറശാല വരെയുള്ള ഭൂപ്രദേശങ്ങളില്‍ നിന്നായി കേട്ടവര്‍ കേട്ടവര്‍ കിട്ടിയ വണ്ടികളില്‍ കയറിയാണ് ആലപ്പുഴയ്ക്കു എത്തിയത്. വിവിധ സംഘടന പ്രവര്‍ത്തകര്‍, ക്ലബംഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായുള്ള വാഹനങ്ങള്‍ രാവിലെ ഏഴുമണിയോടെ തന്നെ നഗരത്തിലെത്താന്‍ തുടങ്ങിയിരുന്നു. ആവേശത്തില്‍ ബൈക്കുകളില്‍ ദൂരദേശങ്ങളില്‍ നിന്നെത്തിയവരും കുറവായിരുന്നില്ല.ആദ്യപ്രളയത്തിനു ശേഷമെത്തിയ മഹാപ്രളയം കുട്ടനാടിനെ മഹാദുരിത്തിലാണ് ആഴ്ത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം കുട്ടനാട് ശുചീകരണത്തിന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും മഹാപ്രളയം എല്ലാ സീമകളും വിട്ട് അക്രമിച്ചതോടെ ഇനിയെന്ന് എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. എങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ 24നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത ശേഷം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി.സുധാകരനും ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസകും ചേര്‍ന്നാണ് കുട്ടനാട് ശുചീകരണയജ്ഞം പ്രഖ്യാപിച്ചത്. കഴിഞ്ഞ രാത്രി പെയ്ത കനത്തമഴ കാര്യങ്ങള്‍ വീണ്ടും അവതാളത്തിലാക്കുമോ എന്ന ആശങ്കയും ഉയര്‍ത്തി. ഇന്നലെ രാവിലെ കനത്ത മഴയടിച്ചെങ്കിലും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പതറിയപോലെ അന്തരീക്ഷം വിട്ടൊഴിഞ്ഞു. അപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തിലേറെ സന്നദ്ധഭടന്മാരാണ് നഗരത്തിലേക്കെത്തിയത്.
തൊഴില്‍ നൈപുണ്യമുള്ളവര്‍, പ്ലംബിങ്, വയറിങ് ജോലിക്കാര്‍,സാധാരണക്കാര്‍ എല്ലാവരും ഈ ദിവസത്തിനായി കാത്തിരുന്ന പോലെ മറ്റെല്ലാം മാറ്റിവച്ചാണ് ആലപ്പുഴയ്ക്കു എത്തിയത്. തിങ്കളാഴ്ച രാത്രി മുതലേ ദൂരെനിന്നുള്ളവര്‍ നഗരത്തിലെത്താന്‍ തുടങ്ങിയിരുന്നു. അവര്‍ക്കായി സഹായകേന്ദ്രം തുറന്നു. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ എല്ലാവരിലുമെത്തിക്കാന്‍ സംവിധാനമൊരുക്കി. എല്ലാമേഖലയിലും വളന്റിയര്‍മാര്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഇവരെ കൃത്യമായി വിന്യസിച്ചു. രജിസ്റ്റര്‍ചെയ്തവര്‍ രാവിലെ ഏഴുമുതല്‍ തന്നെ നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് പോകാനായി പുന്നമട ഫിനിഷിങ് പോയിന്റിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ബോട്ട്‌ജെട്ടിയിലുമെത്തി. രജിസ്റ്റര്‍ചെയ്യാതെ വന്നവര്‍ എസ്ഡിവി മൈതാനത്ത് ഒത്തുചേര്‍ന്നു. ഇവരെയും പലമേഖലയിലേക്കായി വിന്യസിച്ചു.
ഭക്ഷണം, കുടിവെള്ളം എന്നിവ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ തന്നെ എല്ലാവര്‍ക്കും ഉറപ്പാക്കി. ശുചീകരണം നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും സുസജ്ജമായ ചികില്‍സ സൗകര്യമുറപ്പാക്കിയിരുന്നു. ഇതിനു പുറമേ ബോട്ടുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ പട്രോളിങുമുണ്ടായിരുന്നു. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകള്‍ സന്നദ്ധസേവകര്‍ക്കായി നല്‍കുകയും ചെയ്തു. ആവശ്യമായ ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ ചികില്‍സ സംഘത്തിലുണ്ടെന്നുറപ്പാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."