കേരളത്തിലെ ജനങ്ങളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു: രാഹുല്‍ഗാന്ധി
ആലപ്പുഴ: കേരളത്തിലെ ജനങ്ങളെ ഓര്‍ത്ത് താന്‍ അഭിമാനം കൊളളുന്നതായി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . മഹാപ്രളയത്തില്‍ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഇവിടുത്തെ ജനങ്ങള്‍ കാട്ടിയ ആത്മധൈര്യവും കൂട്ടായ്മയും അഭിമാനം ഉയര്‍ത്തുന്നതാണ്. എല്ലാം നഷ്ടപ്പെട്ട ജനതയോടൊപ്പം കോണ്‍ഗ്രസ് നിലക്കൊള്ളുമെന്ന് രാഹുല്‍ ഗാന്ധി ദുരിതബാധിതര്‍ക്ക് ഉറപ്പ് നല്കി. അധികാരമില്ലാത്ത കോണ്‍ഗ്രസിന് ഒരുപാട് സഹായങ്ങള്‍ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നിങ്ങളോടൊപ്പം ഉണ്ടാകും.
കെ.പി.സി.സി ദുരുന്തമേഖലയില് പണിതുയര്‍ത്തുന്ന ആയിരം വീടുകള്‍ നിങ്ങള്‍ക്ക് ഏറെ സഹായകമാകും. ആലപ്പുഴ ലിയോ തെര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാംപില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു രാഹുല്‍. ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്കൂള്‍ അങ്കണത്തിലെത്തിയ രാഹുല്‍ ദുരിതബാധിതരോട് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തമായ സഹായം എല്ലാത്തരത്തിലും ലഭിക്കുമെന്ന് രാഹുല്‍ ക്യാംപില്‍ കഴിയുന്ന മുഴുവന്‍ ആളുകള്‍ക്കും ഉറപ്പ് നല്കി. പ്രസംഗിക്കാന്‍ സ്റ്റേജ് ഒരുക്കിയിരുന്നെങ്കിലും അത് ഉപേക്ഷിച്ചാണ് ദുരുതബാധിതരുടെ അരുകിലേക്ക് രാഹുല്‍ എത്തിയത്.
ഓരോ വ്യക്തികളെയും നേരില്‍കണ്ട് രാഹുല്‍ വിവരങ്ങള്‍ ആരാഞ്ഞു. പ്രായമേറിയവരും കുട്ടികളും രാഹുലിനെ കാണാനും കേള്‍ക്കാനും ഹാളില്‍ നിറഞ്ഞിരുന്നു. ജനങ്ങളുടെ അരികിലേക്കെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നെങ്കിലും വലയം ഭേദിച്ച് ജനങ്ങളുടെ അരികിലെത്തിയ രാഹുലിനോടൊപ്പം കുട്ടികളും മുതിര്‍ന്നവരും സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു.പരാതികളും പരിഭവങ്ങളും കേട്ടറിഞ്ഞ രാഹുല്‍ ഏവര്‍ക്കും നന്ദി പറഞ്ഞ് കാറില്‍ കയറി. പെട്ടെന്ന് വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയ രാഹുല്‍ സ്കൂള്‍ മൈതാനിയിലൂടെ ഹയര്‍ സെക്കണ്ടറി കെട്ടിടത്തിലേക്ക് സുരക്ഷ ഉദ്യോഗസ്ഥരെയും നേതാക്കളെയും ഞെട്ടിച്ച് നടന്നുപോയി. ക്യാംപിന് നേതൃത്വം നല്‍കിവരുന്ന അധ്യാപകരെ കാണാനുളള തിടുക്കത്തിലായിരുന്നു രാഹുല്‍.
ഈ സമയം പ്രിന്‍സിപ്പല്‍ സൈറസും സഹഅധ്യാപകരും രാഹുലിനെ പ്രതീക്ഷിച്ച് നില്ക്കുന്നുണ്ടായിരുന്നു. പ്രിന്‍സിപ്പലിനെ കണ്ട് നന്ദി അറിയിച്ച രാഹുല്‍ പിന്നീട് അധ്യാപകരോടും കുശലം ചോദിച്ചു. ഇന്നലെ രാവിലെ പത്തിന് ചെങ്ങന്നൂരില്‍ എത്തിയ രാഹുല്‍ അവിടെ വിവിധ ക്യാംപുകളും ദുരന്ത മേഖലയും സന്ദര്‍ശിച്ചതിനുശേഷമാണ് ആലപ്പുഴയിലെത്തിയത്. പാതിരാപളളിയിലെ കാംലോട്ട് കണ്വെന്ഷന് സെന്ററില്‍ മല്‍സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തശേഷമാണ് ലിയോ തെര്ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കാന്‍ എത്തിയത്. കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എം പി, ഡി സി സി പ്രസിഡന്റ് എം ലിജു എന്നിവരും രാഹുലിനോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."