ചെങ്ങന്നൂരില്‍ ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം
ചെങ്ങന്നൂര്‍ :ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിലാണ് വീടുകളും, സ്ഥാപനങ്ങളും ശുചീകരിക്കുന്നത്. ചെങ്ങന്നൂരിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ഇടനാട്, പുത്തന്‍കാവ് മംഗലം, ഓതറ തുടങ്ങീ പമ്പയാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ശുചീകരണ പ്രര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടാകും.
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ അഞ്ചു ദിവസമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരിക്കുന്നുണ്ട്. എന്‍.സി.സി , എന്‍.എസ.്എസ് യൂനിറ്റുകള്‍, എസ.്പി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, പരിസ്ഥിതിയൂനിറ്റുകള് എന്നിവരുടെ സേവനവും ശുചീകരണപ്രവര്ത്തനങ്ങള്ക്കുണ്ട്. ചെങ്ങന്നൂര്‍ താലൂക്കില്‍ സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ശുചീകരണ യജ്ഞം നടത്താനാണ് തീരുമാനം.
വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ളവര്‍ക്ക് വില്ലേജ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് വീട് എടുത്തു നല്കുവാനും ഉന്നത തല യോഗം തീരുമാനിച്ചു. ഇതിനായി വാസ യോഗ്യമല്ലാത്ത വീടുകളുടെ പട്ടിക ഈ മാസം 29നകം താലൂക്ക് ഓഫീസില്‍ സമര്‍പ്പിക്കണം. വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ നഷ്ടം വിലയിരുത്താന്‍ വാര്‍ഡംഗം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതി വാര്‍ഡ് അടിസ്ഥാനത്തില്‍ രൂപീകരിക്കും. . ഇവര്‍ വീടുകളിലെത്തി നഷ്ടം വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."