ശ്രീലങ്കയിലെ ഭീകരാക്രമണം: മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിക്കും
കോഴിക്കോട്: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കൊണ്ടും ശ്രീലങ്കന്‍ ജനതക്ക് പിന്തുണ അര്‍പ്പിച്ച് കൊണ്ടും മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ഭീകരതക്ക് മതമില്ല, ഹിംസക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ഞായറാഴ്ച ജില്ലാ തലത്തിലാണ് ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിക്കുക. സദസ്സില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും പ്രശസ്തമായ മുന്ന് ഹോട്ടലുകളിലും ഒരേ സമയം നടന്ന വന്‍ സ്ഫോടനങ്ങള്‍ ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണ്. മതത്തിന്റെയും മാനവികയുടെയും ശത്രുക്കളാണ് അക്രമികള്‍ എന്ന് നേതാക്കള്‍ പറഞ്ഞു. ഇസ്ലാം എന്തിന് വേണ്ടി നിലകൊള്ളുന്നുവോ അതിന്റെയെല്ലാം വിരുദ്ധപക്ഷത്ത് നില്‍ക്കുന്നവരാണ് അക്രമികള്‍. മതം വ്യക്തമായ ഭാഷയില്‍ വിലക്കിയ അക്രമമാണ് എല്ലായ്പ്പോഴും ഭീകരതയുടെ പേരില്‍ അരങ്ങേറുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഐക്യദാര്‍ഢ്യ സദസ്സുകളില്‍ പങ്കാളികളാകാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."