പദ്ധതികള്‍ പ്രഖ്യാപിച്ചത് പണമില്ലാതെ; കിഫ്ബിക്കെതിരേ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ കിഫ്ബി 57,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചത് പണമില്ലാതെയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിഫ്ബിയുടെ ഓണ പരസ്യത്തില്‍ 57,000 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്നു പറയുന്നു. എന്നാല്‍ എല്ലാ സ്രോതസുകളില്‍ നിന്നുമായി 2016 മുതല്‍ ഇതുവരെ 15,315.25 കോടി രൂപ മാത്രമാണ് കിഫ്ബിയില്‍ ലഭിച്ചത്.
വിവിധ പദ്ധതികള്‍ക്ക് 5957.96 കോടി രൂപ വിനിയോഗിച്ചു. ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തികള്‍ക്ക് എത്രകോടി വേണ്ടി വരുമെന്നു വ്യക്തമല്ല. കൈയില്‍ 15,315 കോടി രൂപ മാത്രം വച്ചിട്ടാണ് സര്‍ക്കാര്‍ 57,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമായ ധനസ്രോതസ് കാണാതെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചതെന്ന് ഇതിലൂടെ വ്യക്തമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 2016ല്‍ പ്രഖ്യാപിച്ച മൂന്നില്‍ രണ്ട് കിഫ്ബി പദ്ധതികള്‍ക്കും ഇതുവരെ പ്രവര്‍ത്താനാനുമതി ലഭിച്ചിട്ടില്ല. സര്‍ക്കാരിന് വെറും ഏഴ് മാസം മാത്രം കാലാവധി നിലനില്‍ക്കെ ഇപ്പോള്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയില്ല.
വാഗ്ദാനങ്ങളിലൂടെയും പരസ്യപ്രചാരണങ്ങളിലൂടെയും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ധൂര്‍ത്തും അനാവശ്യചെലവുകളും കടങ്ങളും സാമ്പത്തിക സ്രോതസില്ലാത്ത പദ്ധതി പ്രഖ്യാപനങ്ങളും കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."