അവലോകന യോഗം ചേര്‍ന്നു: പുനരധിവാസ-പുനര്‍നിര്‍മാണ പാക്കേജുകള്‍ ആസൂത്രണം ചെയ്യണം
തൃശൂര്‍: പ്രളയാനന്തരകാലത്ത് തൃശൂര്‍ ജില്ലയ്ക്ക് വേണ്ടത് പുനരധിവാസ, പുനര്‍നിര്‍മാണ പാക്കേജുകളാണെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. വെളളപ്പൊക്കശുചീകരണ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് തന്നെ പരമാവധി സ്‌കൂളുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഇപ്പോഴത്തെ നിലയില്‍ ജില്ലയില്‍ 76 സ്ഥിരം ക്യാംപുകള്‍ വേണ്ടിവരുമെന്നു യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ.സി മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. കുടിവെളള വിതരണമാണ് ജില്ലയിലെ മിക്ക പ്രളയബാധിത പ്രദേശങ്ങളും നേരിടുന്ന മുഖ്യപ്രശ്‌നമെന്നും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകളിലെ തകരാറുകള്‍ പരിഹരിക്കുന്നത് വരെ ഗ്രാമപഞ്ചായത്തുകള്‍ ടാങ്കറുകളില്‍ കുടിവെളളം വിതരണം ചെയ്യണമെന്നും മന്ത്രി ഏ.സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു.
കുടിവെളളവിതരണ സംവിധാനത്തിലെ തകരാറുകള്‍ പരിഹരിച്ച് വരുന്നതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിയര്‍ അറിയിച്ചു. നഷ്ടങ്ങളുടെ കണക്ക് കൊടുക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപന ജനപ്രതിനിധികള്‍ തയാറാകണം. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം പ്രത്യേക ടീമിനെ വച്ച് കണക്കാക്കി സഹായങ്ങള്‍ നല്‍കും. ആശുപത്രികളുടെ പ്രവര്‍ത്തനം, പൊതുഇടങ്ങളുടെ ശുചീകരണം, പൊതുഅടുക്കളകള്‍ എന്നീ കാര്യങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ ശ്രദ്ധ ചെലുത്തണം മന്ത്രി ഏ.സി മൊയ്തീന്‍ വ്യക്തമാക്കി.
പ്രളയബാധിത പ്രദേശങ്ങളിലെ കൃഷിയിടങ്ങളെ കൃഷിയോഗ്യമാക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും കൃഷി നാശം സംബന്ധിച്ചതിന്റെ കണക്കുകള്‍ ഒരാഴ്ചക്കകം നല്‍കണമെന്നും മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
മുണ്ടകന്‍ കൃഷിയിറക്കാന്‍ തയാറാകുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കും. കൃഷി നാശത്തിന് നല്‍കുന്ന സാധാരണ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതര്‍ക്കുളള ധനസഹായത്തില്‍ നിന്നും സാങ്കേതിക കാരണം പറഞ്ഞ് ആരെയും ഒഴിവാക്കില്ലെന്നും കിറ്റുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. റോഡുകളിലെ ഗതാഗതം പുന:സ്ഥാപിക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. മഴമാറിയാല്‍ റോഡുകള്‍ റീടാര്‍ ചെയ്യും. ഭാഗികമായി തകര്‍ന്ന വീടുകളുടെ സുരക്ഷിത്വം എല്‍.എസ്.ജി.ഡി എന്‍ജിനിയര്‍മാര്‍ പരിശോധിക്കണം. പുത്തൂര്‍, ചേലക്കര ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിക്കുളള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കണം.
മണ്ണിയിടയാനുളള സാധ്യത പഠനം നടത്തണം എന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ക്യാംപുകളില്‍ നിന്നുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുക്കാന്‍ ജില്ലയില്‍ 13 സ്ഥലങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ടെന്നും അവിടങ്ങളില്‍ മാലിന്യങ്ങള്‍ എത്തിച്ച് നല്‍കിയാല്‍ മതിയെന്നും ജില്ലാ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ കാര്യം സെസ്സിനെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നമുളള സ്ഥലങ്ങളിലുളളവരെ സ്ഥിരം ക്യാംപുകളിലേക്ക് മാറ്റണം. ജില്ലയില്‍ 76 സ്ഥിരം ക്യാംപുകള്‍ വേണ്ടി വരുമെന്നാണ് കണക്ക്.
റേഷന്‍ കാര്‍ഡ് അടക്കമുളള നഷ്ടപ്പെട്ട രേഖകള്‍ക്കുളള അദാലത്ത് 3-ാം തീയതിയോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതിനുളള പരിശീലനം നടന്നു വരികായെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.
സ്ഥിരം ക്യാമ്പംഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍, എ.ഡി.എം സി ലതിക, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ വിന്‍സെന്റ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."