നീതി - ന്യായത്തിനും അന്യായത്തിനും
അലഹബാദ് ഹൈക്കോടതി അതിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച ദിവസം ഏതായിരിക്കാം? നാല്‍പ്പത്തിയഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 1975 ജൂണ്‍ 12നു ആയിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്. അന്നാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എതിര്‍ സ്ഥാനാര്‍ഥി രാജ് നാരായണന്‍ സമര്‍പ്പിച്ച ഹരജിയില്‍. ഈ വിധി പ്രസ്താവത്തോടെ ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ എന്ന ന്യായാധിപന്‍ ചരിത്രത്തിന്റെ ഭാഗമായി. തുടര്‍ന്ന് സുപ്രിം കോടതിയില്‍ സ്റ്റേ ഹരജി സമര്‍പ്പിച്ചതും ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അവര്‍ക്ക് സ്ഥാനത്തു തുടരാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സോപാധിക സ്റ്റേ അനുവദിച്ചതും പിന്നീട് ജൂണ്‍ 25നു ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതുമൊക്കെ ഇന്ത്യാ ചരിത്രത്തിന്റെ ഭാഗങ്ങള്‍. ഇന്ത്യയുടെ ചരിത്രത്തിന്റെ ദിശ നിര്‍ണയിച്ച കോടതി വിധിയായിരുന്നു ജഗ്‌മോഹന്‍ലാല്‍ സിന്‍ഹയുടേത്. അതു കഴിഞ്ഞ് അലഹബാദ് ഹൈക്കോടതിയില്‍ എത്രയെത്ര ജഡ്ജിമാര്‍ എത്രയെത്ര വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടാവാം!
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സര്‍ക്കാരുകളുടെ തന്നെയും സഞ്ചാരപഥങ്ങള്‍ നിര്‍ണയിച്ച കല്‍പനകള്‍. എന്നാല്‍, നാല്‍പ്പത്തിയഞ്ചു കൊല്ലം മുമ്പ് പ്രസ്താവിച്ച ജസ്റ്റിസ് സിന്‍ഹയുടെ വിധിന്യായം പോലെ തന്നെ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ എന്നെന്നും തിളക്കമാര്‍ന്നു നില്‍ക്കുന്ന വിധിയാണ് സെപ്റ്റംബര്‍ ഒന്നിനു ഇതേ കോടതിയില്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാലും ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നു വന്ന വിധി. വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് പൊലിസ് ജയിലിലടച്ച ഡോ. കഫീല്‍ ഖാന് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി. കൃത്യമായിപ്പറഞ്ഞാല്‍ കഫീല്‍ ഖാന്‍ ആദ്യമായി അറസ്റ്റിലായതിനുശേഷം മൂന്നു കൊല്ലം തികയാനിരിക്കുമ്പോഴാണ് അദ്ദേഹത്തെ വിട്ടയക്കുന്നത്. 2017 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെത്തുടര്‍ന്ന് കഫീല്‍ ഖാന്‍ ആദ്യമായി അറസ്റ്റിലായത്. ഒമ്പത് മാസം കഴിഞ്ഞ് 2018 ഏപ്രില്‍ 25നു ആണ് അദ്ദേഹത്തിന്നു ജാമ്യം ലഭിച്ചത്. 2019 സെപ്റ്റംബര്‍ 27നു ഒരു തെളിവുമില്ലാത്തതിന്റെ പേരില്‍ കേസും ഒഴിവാക്കി.
കഫീല്‍ ഖാന്‍ വീണ്ടും അറസ്റ്റിലാവുന്നത് 2019 ഡിസംബര്‍ 13 നു ആണ്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ അറുന്നൂറ് വിദ്യാര്‍ഥികളോട് പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. പക്ഷേ യോഗി അദിത്യനാഥിന്റെ പൊലിസ് അതില്‍ മതവിദ്വേഷം കുത്തിയിളക്കുന്ന പലതും കണ്ടെത്തി. ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജയിലിലടച്ചു. 2020 ഫെബ്രുവരി 10നു അലിഗഢിലെ ഒരു കോടതി ജാമ്യം അനുവദിച്ചുവെങ്കിലും 2020 ഫെബ്രുവരി 13നു വീണ്ടും അറസ്റ്റു ചെയ്യുകയും മുമ്മൂന്ന് മാസം ജയില്‍വാസം നീട്ടിക്കൊണ്ട് ഉത്തരവിടുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തിന്റെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി അനുവദിച്ചു കൊണ്ടാണ് അലഹബാദ് ഹൈക്കോടതി ചരിത്ര പ്രധാനമായ വിധി പുറപ്പെടുവിച്ചത്. ഇന്നോ നാളെയോ മറ്റേതെങ്കിലും കാരണം ചുമത്തി അദ്ദേഹത്തെ ഇനിയും ജയിലിലടച്ചു കൂടെന്നില്ല. അദ്ദേഹത്തിന് നേരിട്ട വധഭീഷണിയുടെയും കുടുംബാംഗങ്ങളില്‍ പലരുടെയും നേരെയുണ്ടായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ അതിനപ്പുറവും സംഭവിക്കാമെന്ന് ഭയപ്പെടണം.ഇത്രയും വിശദമായി കഫീല്‍ ഖാന്റെ കേസിനെപ്പറ്റി പറഞ്ഞത് ഒരു മനുഷ്യനെ ഭരണകൂടം എത്ര ക്രൂരമായാണ് വേട്ടയാടുന്നത് എന്നതിലേക്ക് വെളിച്ചം പായിക്കാനാണ്.
യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ ബി.ജെ.പി നേതാക്കള്‍ക്കും കഫീല്‍ ഖാനെ ഇഷ്ടമില്ല. ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ട്രാക്ക് റെേക്കാര്‍ഡ് അനുപമമാണ്. മണിപ്പാലില്‍ പഠിക്കുമ്പോള്‍ തന്നെ മികച്ച ശിശു ചികിത്സകനായി പേരെടുത്തിരുന്നുവത്രേ കഫീല്‍ ഖാന്‍. ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം കൊച്ചു കുട്ടികള്‍ ഒന്നിനു പിറകെ ഒന്നെന്ന കണക്കിന് മരിച്ചുതുടങ്ങിയപ്പോള്‍ സ്വന്തം കൈയില്‍നിന്ന് കാശെടുത്ത്, സ്വന്തം കാറില്‍ സിലിണ്ടറുകള്‍ കയറ്റിക്കൊണ്ടാണ് അദ്ദേഹം പാഞ്ഞെത്തിയത്. അതു സര്‍ക്കാരിന്റെ പല കെടുകാര്യസ്ഥതകളും പുറത്തുകൊണ്ടുവന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പന നടത്തിയ കച്ചവടക്കാര്‍ക്ക് കാശു കൊടുക്കാത്തതടക്കം തുടര്‍ന്നു പല കുറ്റങ്ങളും കെട്ടിച്ചമച്ചു അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നു യു.പി സര്‍ക്കാര്‍. പൗരാവകാശ പ്രവര്‍ത്തകരും ഐ.എം.എയുമെല്ലാം കഫീല്‍ ഖാനു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടും അവയെല്ലാം ബി.ജെ.പി സര്‍ക്കാരിന് തൃണ സമാനമായിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി ജുഡിഷ്യറിയുടെ അന്തസ്സ് വാനോളമുയര്‍ത്തുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ നിരപരാധിയായ ഒരു മനുഷ്യനെ ഒമ്പതു മാസക്കാലം ദേശീയ സുരക്ഷിതത്വ നിയമമുപയോഗിച്ചു തടവിലിടാന്‍ ഭരണകൂടത്തിനു സാധിക്കുന്നു എന്നത് നമ്മുടെ ജനാധിപത്യ സമ്പ്രദായം എത്രത്തോളം നീതിനിഷ്ഠമാണ് എന്നതിനെപ്പറ്റി ചില പുനര്‍വിചാരങ്ങള്‍ ആവശ്യപ്പെടുന്നു. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഒമ്പതു മാസം അദ്ദേഹം ജയിലില്‍ കിടന്നു. ഇത്തവണ അദ്ദേഹത്തെ രണ്ടാമത് അറസ്റ്റ് ചെയ്യുന്ന സമയത്ത് ആരോപിച്ച ഒരു കുറ്റമെന്താണെന്നോ - ജയിലില്‍ക്കിടക്കുന്ന സമയത്ത് അദ്ദേഹം ഏതൊക്കെയോ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ വീണ്ടും വിദ്യാര്‍ഥികളോട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി. മജിസ്‌ട്രേറ്റ് അത് തൊണ്ട തൊടാതെ വിഴുങ്ങി തടവ് മൂന്നു മാസം കൂടി നീട്ടിക്കൊടുത്തു.
കഫീല്‍ ഖാന്റെ മോചനം കോടതികളെക്കുറിച്ചു ഉള്ളില്‍ അഭിമാനമുയര്‍ത്തുമ്പോഴും തൊട്ടു തലേന്നു സുപ്രിം കോടതി പുറപ്പെടുവിച്ച വിധി നമ്മുടെ ജുഡിഷ്യറി ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്നതിനെക്കുറിച്ചു അപകട സൂചനകളാണ് നല്‍കുന്നത്. കഫീല്‍ ഖാനെപ്പോലെ പ്രശാന്ത് ഭൂഷണും ഒരു പ്രതീകമാണ്. ജുഡിഷ്യറിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് താന്‍ വിശ്വസിക്കുന്ന അപചയങ്ങളെക്കുറിച്ചാണ് പ്രശാന്ത് ഭൂഷണ്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നത്. 2010ല്‍ അദ്ദേഹം ഇപ്പോഴത്തേതിനു സമാനമായ കോടതിയലക്ഷ്യക്കേസില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ഓര്‍ക്കണം. ജഡ്ജിമാരുടെ അഴിമതിയെപ്പറ്റിയായിരുന്നു അന്നും അദ്ദേഹം പറഞ്ഞത്. തുടര്‍ന്നു ഹരീഷ് സാല്‍വെ കോടതിയലക്ഷ്യക്കേസു കൊടുത്തു. ജഡ്ജിമാര്‍ അന്വേഷണങ്ങള്‍ക്കതീതരാകയാല്‍ രേഖാമൂലം തെളിവ് നല്‍കാന്‍ കഴിയുകയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ നിലപാട്. അന്ന് പ്രശാന്ത് ഭൂഷണിനെ 'വ്യാജാരോപണ'ങ്ങളുടെ പേരില്‍ ശിക്ഷിക്കുകയോ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ച് ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തുകയോ വേണമെന്നായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നിലപാട് എന്നും ഓര്‍ക്കുക.
പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴയടച്ചാല്‍ മതി എന്നാണ് സുപ്രിം കോടതി വിധിച്ചിട്ടുള്ളത്. അദ്ദേഹം അത് സ്വീകരിക്കുന്നു. ആശ്വാസം. ഇങ്ങനെയൊരു അയവിലേക്ക് സുപ്രിം കോടതിയെ എത്തിച്ച പശ്ചാത്തലത്തെക്കുറിച്ചും നാം ആലോചിക്കണം. രാജ്യത്തുടനീളം ഉയര്‍ന്ന ജനാഭിപ്രായങ്ങള്‍, അഭിഭാഷക സമൂഹത്തിലെ ആശങ്കകള്‍, അറ്റോര്‍ണി ജനറലിന്റെ നിലപാട് എന്നിവയ്ക്ക് പുറമെ അന്താരാഷ്ട്രനിയമ മണ്ഡലങ്ങളില്‍ സുപ്രിംകോടതിയുടെ നടപടി ഉളവാക്കിയ അതൃപ്തിയും ഒരു ടോക്കണ്‍ ശിക്ഷയിലേക്ക് നീങ്ങാന്‍ നിമിത്തമായിട്ടുണ്ടാവാം. അഭിഭാഷകരും ന്യായാധിപരും അടങ്ങുന്ന ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സുപ്രിം കോടതി നടപടി നിയമവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമാണെന്ന് വിലയിരുത്തിയത് ഓര്‍ക്കുക. ഒരു രൂപ പിഴയടക്കാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചു എന്നു വെയ്ക്കുക. തടവും തൊഴില്‍ വിലക്കും അദ്ദേഹം അനുഭവിക്കേണ്ടി വരുമായിരുന്നു. ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതാണ് നിയമവൃത്തങ്ങളില്‍ ഉയരുന്ന ചോദ്യം. കോടതിയലക്ഷ്യത്തിന് നിയമത്തിലുള്ള ശിക്ഷ പരമാവധി ആറു മാസം തടവോ പിഴയോ രണ്ടും കൂടിയോ ആണ്. തൊഴില്‍ വിലക്കാന്‍ വ്യവസ്ഥയില്ല. നിയമത്തിലില്ലാത്ത ഒരു ശിക്ഷ എങ്ങനെ സുപ്രിംകോടതിക്ക് വിധിക്കാന്‍ കഴിയും? കോടതിയലക്ഷ്യ നിയമത്തെ സംബന്ധിച്ച് സുപ്രിം കോടതിക്കുള്ള പ്രത്യേകാധികാരവുമായി ബന്ധപ്പെട്ട പ്രത്യേകാധികാരമാണ് സുപ്രിം കോടതി ഉപയോഗിച്ചത്. ഇത് ഏത് ശിക്ഷയും ഇങ്ങനെ വിധിക്കാം എന്ന അമിതാധികാര പ്രയോഗത്തിലേക്കാണോ വിരല്‍ ചൂണ്ടുന്നത് എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. നിസ്സാര വിമര്‍ശനങ്ങള്‍ പോലും കോടതിക്കെതിരില്‍ ഉന്നയിക്കാനാവാത്ത അവസ്ഥയിലേക്കാണോ നീതിന്യായവ്യവസ്ഥ നീങ്ങുന്നത് എന്ന ചോദ്യം തികച്ചും പ്രസക്തം.
കോടതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു കോടതി നീതി അചഞ്ചലമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ മറ്റേത് നീതിയെക്കുറിച്ചു ആശങ്കയുയര്‍ത്തുന്നു. അപ്പോഴും രണ്ടു മനുഷ്യര്‍- പ്രശാന്ത് ഭൂഷണും കഫീല്‍ ഖാനും അപാരമായ ഇച്ഛാശക്തിയുടെ പ്രതീകങ്ങളായി നമുക്കൊപ്പമുണ്ട്. അത്രയും ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."