കറുത്തകൊടി തരുന്ന സൂചനകള്‍
അടയാളങ്ങള്‍ക്കും നിറങ്ങള്‍ക്കും പതാകകള്‍ക്കും ജനങ്ങളുടെ വൈകാരികമനസു പിടിച്ചെടുക്കുന്നതില്‍ വലിയ പങ്കുണ്ട്. മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടു വ്യത്യസ്തനിറത്തിലും രൂപത്തിലുമുള്ള കൊടികളും ബാനറുകളും ഉയര്‍ന്നുവരുന്നത് അങ്ങനെയാണ്.
ഇസ്‌ലാമിന് ഔദ്യോഗികമായി പ്രത്യേകനിറത്തിലുള്ള കൊടിയില്ലെങ്കിലും പ്രവാചകന്‍ പലപ്പോഴായി പതാകയുടെ പ്രാധാന്യം സൂചിപ്പിച്ചതായി കാണാം. യുദ്ധങ്ങളുമായോ പ്രബോധകസംഘങ്ങളെ വിവിധയിടങ്ങളിലേയ്ക്കു അയയ്ക്കുന്നതുമായോ ബന്ധപ്പെട്ടായിരുന്നു ഇത്. തിരിച്ചറിയാനുള്ള ഉപാധിയെന്ന നിലയ്ക്കാണ് ഇവിടെ കൊടിയുടെ സ്ഥാനം. യുദ്ധപതാകയേന്താനുള്ള അവസരം ലഭിക്കുന്നത് പ്രവാചകനില്‍നിന്നുള്ള പ്രത്യേകാംഗീകാരമായാണ് അനുയായികള്‍ കണക്കാക്കിയിരുന്നത്.
കൊടിയുപയോഗിക്കുന്നതിന് ഇസ്‌ലാമികാധ്യാപനങ്ങളിലും ചരിത്രത്തിലും മാതൃകകളുണ്ട്. മഹാനായ ഇബ്‌റാഹിം നബി (അ)യാണ് ലോകചരിത്രത്തിലാദ്യമായി കൊടിയുപയോഗിച്ചത്. മുഅ്തദ്ദ് യുദ്ധവേളയില്‍ കൈകാലുകള്‍ ഛേദിക്കപ്പെടുമ്പോഴും കൊടി കക്ഷത്തില്‍ ഇറുക്കിവച്ചു പോരാടുന്ന ജഅ്ഫര്‍ ബിന്‍ അബീത്വാലിബിന്റെ ചരിത്രം മറുഭാഗത്തുണ്ട്. യശസ്സു കാക്കുന്ന ചിഹ്നമായി ഇവിടെ കൊടി മാറുന്നു. കൊടിയുപയോഗം സംബന്ധിച്ച് ഇസ്‌ലാമില്‍ പ്രത്യേകനിര്‍ദേശങ്ങളില്ലാത്തതിനാല്‍ പലരും പലരൂപത്തില്‍ അത്് ഉപയോഹിച്ചുവരുന്നു.
കറുത്തകൊടിയുമായി ഐ.എസ് രംഗ്പ്രവേശനം ചെയ്തതോടെ അതിന്റെ മതവും രാഷ്ട്രീയവും ഇവിടെ ചര്‍ച്ചാവിഷയമായിരിക്കുന്നു. പ്രവാചകന്‍ കറുത്തകൊടിയും വെളുത്തകൊടിയും ഉപയോഗിച്ചിരുന്നതായി ഹദീസിലും ഇസ്‌ലാമികചരിത്രഗ്രന്ഥങ്ങളിലും കാണാം. ഉഖാബ് എന്ന പേരില്‍ പ്രവാചകനുണ്ടായിരുന്ന കൊടി കറുത്തതായിരുന്നു. പ്രവാചകന്റെ കാലത്തു നടന്ന ഇസ്‌ലാമികയുദ്ധങ്ങളിലും വിവിധനിറങ്ങളിലുള്ള കൊടിയുപയോഗിച്ചിരുന്നു.
അന്ത്യകാലത്തെ പ്രവാചകാധ്യാപനങ്ങളില്‍ കറുത്തകൊടി ധാരാളമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പ്രതീക്ഷയുടെ ചിഹ്നമായും തകര്‍ച്ചയുടെ ചിഹ്നമായും കറുത്തകൊടി ഹദീസുകളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, കറുത്തകൊടിയുപയോഗിക്കുന്ന ഐ.എസിനെ എതിര്‍ക്കുന്നവര്‍ക്കും പിന്‍താങ്ങുന്നവര്‍ക്കും ഈ ഹദീസുകള്‍ തന്നെയാണു തെളിവ്.
സൗബാന്‍ (റ) വിനെ തൊട്ട് ഇമാം ബൈഹഖി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ ഇങ്ങനെ പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്: 'ഖുറാസാന്‍ ഭാഗത്തുനിന്നു കറുത്തകൊടികള്‍ വരുന്നതായി നിങ്ങള്‍ കണ്ടാല്‍ നിങ്ങളതിനെ സ്വീകരിക്കുക. ഇമാം മഹ്ദി അതിലുണ്ടായിരിക്കും.' ദീ മഖ്മര്‍ (റ)നിന്നു നിവേദനം ചെയ്യപ്പെടുന്ന ഹദീസിലെ അവസാനകാലത്തെ കൊലകളെയും പ്രക്ഷുബ്ധമായ ലോകസാഹചര്യങ്ങളെയും സൂചിപ്പിച്ചശേഷം പ്രവാചകന്‍ പറയുന്നു: 'ശേഷം, കിഴക്കില്‍നിന്നും ചില കറുത്ത കൊടികള്‍ വരും. മഞ്ഞിലൂടെ ഞെരുങ്ങിചെന്നാണെങ്കിലും നിങ്ങളതിനെ പിന്‍പറ്റണം. അതിനുശേഷം ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതാണ്.'
ഇസ്‌ലാമികഗ്രന്ഥങ്ങളിലുള്ള ഇത്തരം അധ്യാപനങ്ങള്‍ മുസ്‌ലിംലോകത്തെ അനുകൂലമായും പ്രതികൂലമായും ആവേശിച്ചതായി കാണാം. പലരും പലസാധ്യതകളുടെ വെളിച്ചത്തിലാണ് ഇത്തരം ഹദീസുകള്‍ വായിച്ചത്. പലരും രാഷ്ട്രീയലാഭത്തിനായി ഇവ ഉപയോഗപ്പെടുത്തി. കറുത്ത കൊടി പ്രതീക്ഷയുടെ അടയാളമാണെന്നും അതു കൂടെക്കരുതുന്നതു തങ്ങള്‍ സത്യത്തിന്റെ ആളുകളാണെന്നു ജനം വിചാരിക്കാനുള്ള എളുപ്പവഴിയാണെന്നും ചിലര്‍ കണ്ടെത്തി.
ഈ ചിന്ത പിന്‍പറ്റിയ പല ഭരണകൂടങ്ങളും മത,രാഷ്ട്രീയകക്ഷികളും കറുത്തകൊടി അവരുടെ ചിഹ്നമാക്കി. ശിയാക്കള്‍ക്കിടയിലും സുന്നികള്‍ക്കിടയിലും ഈ കറുത്ത കൊടിയുടെ പാരമ്പര്യം ഉണ്ടായിരുന്നു. ചില തെമ്മാടി സംഘങ്ങള്‍വരെ ഈ രീതി പിന്തുടര്‍ന്നുവെന്നതാണു ചരിത്രത്തിലെ വിരോധാഭാസം.
അബ്ബാസി ഭരണകാലം മുതലാണ് കറുത്തകൊടിക്കു ഇത്തരം വ്യാഖ്യാനങ്ങള്‍ വ്യാപകമായി നല്‍കപ്പെട്ടത്. അവരുടെ സൈനികമേധാവിയായിരുന്ന അബൂ മുസ്‌ലിമുല്‍ ഖുറാസാനി കറുത്ത കൊടിയുമായാണു സൈനികമുന്നേറ്റം നടത്തിയത്. മുസവ്വിദൂന്‍ (കറുപ്പന്മാര്‍) എന്നാണ് ആ സൈന്യം വിളിക്കപ്പെട്ടത്. ഇരുപതാംനൂറ്റാണ്ടുവരെ വിവിധകാലങ്ങളില്‍ വ്യത്യസ്തഭരണകൂടങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മയ്ക്കു ന്യായീകരണത്തിനായി കറുത്തകൊടി ഔദ്യോഗികചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ ഉയര്‍ന്നുവന്ന അഹ്മദിയ്യാ ജമാഅത്ത് (ഖാദിയാനികള്‍) പോലും തങ്ങളുടെ പുതിയ വാദഗതികളുടെ 'സത്യസന്ധത' സ്ഥാപിക്കാന്‍ കറുത്തകൊടിയുമായിത്തന്നെയാണു വരുന്നത്. 1908 ല്‍ മീര്‍സ അഹ്മദ് ഖാദിയാനി മരിച്ചുവെങ്കിലും ലിവാ അഹ്മദിയ്യ (അഹ്മദിയ്യ കൊടി) എന്ന പേരില്‍ 1939 ലാണ് ഔദ്യോഗികമായി അവരുടെ കറുത്തകൊടി പുറത്തുവരുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ രൂപപ്പെട്ടുന്ന വന്ന ജിഹാദിസ്റ്റ് കൂട്ടായ്മകളും കറുത്ത കൊടിയുടെ സാധ്യതയെ ഒഴിവാക്കിയില്ല. 1980 ല്‍ വന്ന താലിബാന്‍ ഭരണകൂടത്തിന്റെയും ശേഷം രൂപപ്പെട്ടുവന്ന അല്‍ ഖാഇദയുടെയും അബൂ മുസ്അബ് സര്‍ഖാവി നേതൃത്വം നല്‍കിയ ജമാഅത്തു ത്തൗഹീദ്‌വദ്ദഅവയുടെയുമെല്ലാം ചിഹ്നം കറുത്തകൊടിയാണ്. കറുത്തപശ്ചാത്തലത്തില്‍ വെള്ളയിലോ മഞ്ഞയിലോ എഴുതുന്ന വിശുദ്ധവാക്യങ്ങള്‍ക്കനുസരിച്ചാണ് അവ വ്യത്യസ്തമായിരുന്നത്.
ഈ രീതിതന്നെയാണ് 2010 നുശേഷം രൂപപ്പെട്ട ഐ.എസും സ്വീകരിച്ചത്. മറ്റുകൊടികളില്‍നിന്ന് ഐ.എസിന്റെ കൊടി ഒരുപടി മുന്നിലായിരുന്നു. കറുത്തപശ്ചാത്തലത്തില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധവാക്യവും പ്രവാചകന്റെ മുദ്രയെന്നു തോന്നിപ്പിക്കുംവിധം വെളുത്ത പശ്ചാത്തലത്തില്‍ കറുത്തമഷികൊണ്ട് മുഹമ്മദുര്‍റസൂലുല്ലാഹ് എന്നും കുറിച്ചിരിക്കുന്നു. തങ്ങളുടെ രക്തരൂക്ഷിത അതിക്രമങ്ങള്‍ക്ക് ഇസ്‌ലാമിക മുഖവും സാധുതയും നല്‍കാനാണ് ഐ.എസ് ഈ ചിഹ്നം ഉപയോഗിച്ചത്. തങ്ങള്‍ ചെയ്യുന്ന പേക്കൂത്തുകളെല്ലാം മതത്തിന്റെ അടിസ്ഥാനത്തിലാണെന്നു ന്യായീകരിക്കനാണ് അവര്‍ ഈ ചിഹ്നം ഉയര്‍ത്തിക്കാട്ടിയത്.
ഐ.എസ് പിന്തുടരുന്ന കാടന്‍രീതിയെ ഇസ്‌ലാമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഈ കൊടി കാരണമാകുന്നുണ്ട്. തുര്‍ക്കിയിലെ ഒരു മുസ്‌ലിംവീട്ടില്‍ തുര്‍ക്കിയുടെ ദേശീയപതാകയോടൊപ്പം ഐ.എസിന്റെ കൊടിയും കെട്ടിത്തൂക്കിയതിനെക്കുറിച്ച് അന്വേഷിച്ച ഒരെഴുത്തുകാരനോട് 'ഇത് ഇസ്‌ലാമിന്റെ കൊടിയാണല്ലോ' എന്നാണു ലാഘവത്തോടെ വീട്ടുകാരന്‍ മറുപടി നല്‍കിയത്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു വശീകരിക്കാന്‍ ഐ.എസിന് ഈ കൊടിനിറവും അടയാളവും സഹായകമാകുന്നു. അവസാനകാലത്തു വിജയവുമായി കറുത്തകൊടി കടന്നുവരുമെന്ന ഹദീസിന്റെ ധ്വനി തങ്ങളിലൂടെ സാക്ഷാല്‍കരിക്കാനും കറുത്തകൊടി തെരഞ്ഞെടുത്തതിലൂടെ ഐ.എസ് ശ്രമിക്കുന്നുണ്ട്. അല്‍പ്പജ്ഞാനികളായ പല മുസ്‌ലിം ചെറുപ്പക്കാരും ഇതില്‍പ്പെട്ടുപോകുന്നു.
എന്നാല്‍, കറുത്തകൊടിക്കു നേര്‍വിപരീതമായ സൂചനകൂടിയുണ്ട്. നാശത്തിന്റെയും തകര്‍ച്ചയുടെയും സൂചനയാണത്. ഇമാം ശഅ്ബിയില്‍നിന്നും നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് ഇതിനാധാരം. അതില്‍ ഇങ്ങനെ കാണാം: 'സിറിയ(ഡമസ്‌ക്കസ്)യില്‍നിന്നു കറുത്തകൊടി കടന്നുവരും. അവരവിടെ പള്ളികള്‍ തകര്‍ത്തു കലാപം സൃഷ്ടിക്കും. അതിനുശേഷം അധികാരം പിടിച്ചെടുക്കും.'
അവസാനകാലത്തെ ദുരന്തസാഹചര്യങ്ങളെക്കുറിച്ചു വിശാലമായി പരാമര്‍ശിക്കുന്ന വലിയൊരു ഹദീസിന്റെ ചെറിയൊരു ഭാഗമാണിത്. പില്‍ക്കാലത്തു കറുത്തകൊടിയുമായി കടന്നുവന്ന പല അക്രമിസംഘങ്ങളും ഭീകരക്കൂട്ടായ്മകളും അനിസ്‌കലാമികവും അന്ത്യനാളിന്റെ അടയാളവുമാണെന്ന് ഈ ഹദീസിന്റെ വെളിച്ചത്തില്‍ പല പണ്ഡിതരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ നിരത്തിക്കൊണ്ട് അമേരിക്കന്‍പണ്ഡിതനായ ശൈഖ് ഹംസ യൂസുഫ് രക്തദാഹികളായ ഐ.എസും ഈ ശ്രേണിയിലെ അവസാനത്തെ അടയാളമാണെന്നു സ്ഥിരീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."