'ഒരൊറ്റ' വാദം രാജ്യത്തെ ശിഥിലമാക്കാന്‍
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി അജന്‍ഡ നടപ്പാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണോ ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക എന്ന ചര്‍ച്ച ഇപ്പോള്‍ തുടങ്ങിവയ്ക്കുന്നത് എന്ന സംശയം ന്യായമാണ്. അടിക്കടി തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ചെലവ്, സമയനഷ്ടം, മറ്റ് ഭരണസൗകര്യങ്ങള്‍, ഇതിനൊക്കെ ചെലവഴിക്കുന്ന സമയം മറ്റു ജനക്ഷേമപദ്ധതികള്‍ക്ക് ഉപയോഗിക്കാനാവും തുടങ്ങി ജനപ്രിയമായ, മധ്യവര്‍ഗത്തെ മോഹിപ്പിക്കുന്ന നിരവധി വാദങ്ങള്‍ ഇനി ഉയര്‍ന്നുവരും. ഇതിനെ എതിര്‍ക്കുന്നവരൊക്കെ ടുക്‌ഡെ ടുക്‌ഡെ സംഘമാണെന്നും ദേശീയവാദികള്‍ പറഞ്ഞേക്കാം.
ഒരൊറ്റ തെരഞ്ഞെടുപ്പ്
അജന്‍ഡയ്ക്കു പിന്നിലെന്ത്?
ഇന്ത്യയിലൊട്ടാകെ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ദേശീയ പ്രശ്‌നങ്ങള്‍ മാത്രമാണ് പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുക. അതിന്റെ നിലവാരം നമുക്കറിയാം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉത്തര്‍പ്രദേശിന്റെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തിലെ നെല്‍ കര്‍ഷകന്റെ പ്രശ്‌നങ്ങളല്ല ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകന്റേത്. പഞ്ചാബിലെ ഗോതമ്പ് കര്‍ഷകരുടേത്. രാഷ്ട്രീയം, സംസ്‌കാരം, ഭാഷ, ജാതി, തൊഴില്‍, കൃഷി, വികസനം അങ്ങനെ തെരഞ്ഞെടുപ്പ് സംവാദങ്ങളില്‍ വിഷയീഭവിക്കേണ്ട എണ്ണമറ്റ കാര്യങ്ങള്‍ ഓരോ സംസ്ഥാനത്തിലും, ജില്ലകളില്‍ പോലും വ്യത്യസ്തമാണ്. ദേശീയ പാര്‍ട്ടികള്‍ക്കു പ്രാമുഖ്യം ലഭിക്കാനും പ്രദേശിക പാര്‍ട്ടികള്‍ അപ്രസക്തമാക്കാനുമാണ് ഇത് കാരണമാവുക.
ഉപദേശീയതകള്‍ ദേശീയതക്കെതിരല്ല
പ്രാദേശിക പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന ഉപദേശീയതകള്‍ ഇന്ത്യന്‍ ദേശീയതയുടെ ശത്രുവല്ല. എല്ലാ അര്‍ഥത്തിലും അതിന്റെ മനോഹരമായ സങ്കലനമാണ് ഇന്ത്യന്‍ ദേശീയത. ആ വൈവിധ്യങ്ങളെ നിരാകരിക്കുന്ന ഈ 'ഒരൊറ്റ' വാദം ദേശീയതക്കെതിരാണ്. ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യന്‍ ഫെഡറലിസത്തെ തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ അട്ടിമറിക്കപ്പെടുന്ന കാലമാണിത്. ദേശീയ വിദ്യാഭ്യാസനയവും ആരോഗ്യ ഐ.ഡി കാര്‍ഡും ഒക്കെ അത്തരം നിഗൂഢ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ്. ആരോഗ്യ കാര്‍ഡിന്റെ പേരില്‍ പൗരന്‍മാരുടെ ജാതിയും മതവും ലൈംഗിക അഭിരുചിയും രാഷ്ട്രീയ താല്‍പര്യവും ഒക്കെ ചോദിക്കുന്നത് നല്ല ഉദ്ദേശ്യങ്ങളോടെയല്ല. ഇതൊന്നും പാര്‍ലമെന്റ് പോലും ചര്‍ച്ച ചെയ്തിട്ടില്ല. ജനപ്രാതിനിധ്യ സഭകളെ ഇരുട്ടത്ത് നിര്‍ത്തുന്ന പ്രസിഡന്‍ഷ്യല്‍ ഭരണമാണ് മോദി ആഗ്രഹിക്കുന്നത്. അതിലേക്കുള്ള ചുവടുവയ്പാണ് ഈ ഒറ്റ തെരഞ്ഞെടുപ്പ് വാദം.
പ്രായോഗികമല്ല
പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ല. ഒരു വട്ടം അങ്ങനെ തെരഞ്ഞെടുപ്പ് നടത്തിയാലും തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ സര്‍ക്കാരുകളും കാലാവധി പൂര്‍ത്തിയാക്കും എന്നതിന് എന്താണുറപ്പ് ? ഒരു കേന്ദ്രസര്‍ക്കാര്‍ ഇടക്കാലത്തുവച്ച് അസ്ഥിരമായാല്‍ അവിടെ പിന്നെ പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുമോ? സംസ്ഥാനത്ത് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരുംവരെ എന്തു വേണം? ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആരോഗ്യം കാര്യമായി കുറയുന്ന കാലമാണ്. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറുകയാണ്. ജനഹിതം പച്ചയ്ക്ക് പട്ടാപ്പകല്‍ പണമിറക്കി അട്ടിമറിക്കുന്നത് നമ്മള്‍ എത്രയോ വട്ടം കണ്ടതാണ്. കര്‍ണാടക, മധ്യപ്രദേശ്, ഗോവ പോലെ എത്രയോ ഉദാഹരണങ്ങള്‍.
2015 ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ യു.പി ഒഴികെയുള്ള ഇടങ്ങളില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടു. 2017 ല്‍ ഗുജറാത്തില്‍ പോലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. 2018ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ ബി.ജെ.പി തോറ്റു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ്, സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പി. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ചത് നാണം കെട്ട കുതിരക്കച്ചവടത്തിലൂടെ. മധ്യപ്രദേശിലും ഇതാവര്‍ത്തിച്ചു. തമിഴ്‌നാട്ടില്‍ ഭരണമുന്നണിയിലുണ്ടെങ്കിലും വളരെ ദുര്‍ബലമാണ് ബി.ജെ.പി സ്വാധീനം. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ പോയത് അവിടത്തെ സംസ്ഥാന പാര്‍ട്ടിയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍. കശ്മിരില്‍ സഖ്യകക്ഷിയുടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടവിലിട്ടു കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 നീക്കിയത്. അവര്‍ പിന്നീട് ബി.ജെ.പിക്ക് ഭീകരവാദിയായി. ദീര്‍ഘകാലത്തെ സഖ്യകക്ഷികളെ പോലും നേര്‍ക്കു നേരെ നേരിടാന്‍ ബി.ജെ.പി തീരുമാനിച്ചത് ഒന്നാമനായിരിക്കുക എന്ന ഈഗോയുടെ പേരിലാണ്. ആ ഒന്നാമനാകലിനു പിന്നില്‍ എതിര്‍ശബ്ദങ്ങളെ സമ്പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ഏകശിലാത്മകമായ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ബി.ജെ.പി നേരിടുന്ന പ്രധാന തടസം പ്രാദേശിക പാര്‍ട്ടികളും അവര്‍ പ്രതിനിധാനം ചെയ്യുന്ന വൈവിധ്യങ്ങളുമാണ്. സി.എ.എ പ്രക്ഷോഭ കാലത്ത് എന്‍.ആര്‍.സിയും എന്‍.പി.ആറും ഞങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് പറഞ്ഞത് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ മാത്രമല്ല, സഖ്യകക്ഷികളുടെ മുഖ്യമന്ത്രിമാര്‍ കൂടിയായിരുന്നു. ഇതിനെ മറികടക്കുക എന്നത് ബി.ജെ.പിയുടെ മുന്നിലെ പ്രധാന ലക്ഷ്യമാണ്. അതിനുള്ള മുന്നുപാധിയാണ് ഈ ഒരൊറ്റ വാദം. ഒരൊറ്റ നികുതി, ഒരൊറ്റ നിയമം, ഒരൊറ്റ തെരഞ്ഞെടുപ്പ് അങ്ങനെയത് ഇന്ത്യയുടെ വൈവിധ്യങ്ങളെയാകെ കൊന്നുതിന്നുക തന്നെ ചെയ്യും. ഹിന്ദുത്വദേശീയതക്കു കീഴ്‌പെടാത്തവരെയൊക്കെ അപരനായും ദേശദ്രോഹിയായും മുദ്രകുത്തുന്ന തെരഞ്ഞെടുപ്പ് തന്ത്രം വിജയകരമായി പരീക്ഷിക്കാന്‍ ബി.ജെ.പിക്കറിയാം. ആ 'ഒരൊറ്റ' അജന്‍ഡ രാജ്യമാകെ സെറ്റ് ചെയ്യാനാണ് ഈ പുതിയ വാദം.
സാമ്പത്തിക ലാഭത്തെക്കുറിച്ച് വാചാലമാകുന്നത് മധ്യവര്‍ഗത്തെ വീഴ്ത്താനാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയക്കാകെ വരുന്ന സര്‍ക്കാര്‍ പ്രതിവര്‍ഷ ചെലവ് അഞ്ചോ ആറോ ആയിരം കോടി മാത്രമാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവായത് 3426 കോടി രൂപ മാത്രമാണ്. ഒരു വോട്ടര്‍ക്ക് 2004 ല്‍ ചെലവായത് 12 രൂപ (ജനിച്ചു വീഴുന്ന ഓരോ ആളും രൂപ കടക്കാരനായി മാറുന്ന ഒരു രാജ്യത്ത് അവനു അവന്റെ പരമാധികാരം ഉപയോഗിക്കാന്‍ 12 രൂപ അധികമല്ല). 55000 കോടി രൂപയാണ് പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആകെ ചെലവാക്കിയത്. ഇതിന്റെ പകുതിയിലേറെയും ചെലവാക്കിയത് ബി.ജെ.പിയാണെന്നും കണക്കുകള്‍ പറയുന്നു. ധൂര്‍ത്ത് ആരാണ് നടത്തുന്നത് എന്ന് വ്യക്തമാണ്.ബി.ജെ.പിക്ക് ഇത്രയും പണം എവിടെ നിന്ന് ലഭിക്കുന്നു എന്ന ചോദ്യമാണ് ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ സംബന്ധിക്കുന്ന മൗലികമായ ചോദ്യം. ശതകോടികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് കൊടുക്കുന്ന, വിജയ് മല്യ, മെഹുല്‍ ചോക്‌സി പോലെയുള്ള വന്‍കിട മുതലാളിമാര്‍ ബാങ്കുകളെ ആയിരക്കണക്കിന് കോടി രൂപ പറ്റിച്ച് നാടുവിടുന്ന, ഗുജറാത്തില്‍ 3000 കോടിയുടെ പട്ടേല്‍ പ്രതിമ പണിയുന്ന, പ്രധാനമന്ത്രിയുടെ ഇമേജ് ബില്‍ഡിങ്ങിനും വിദേശയാത്രകള്‍ക്കും 1200 കോടിയില്‍ പരം രൂപ ചെലവഴിക്കുന്ന ഒരു രാജ്യം അതിന്റെ അടിത്തറയായ ജനാധിപത്യത്തിനു വേണ്ടി ചെലവഴിക്കുന്ന തുക ധൂര്‍ത്തായി കാണുന്നതെന്തിനാണ്? നാമമാത്രമായെങ്കിലും അതിലൂടെ പുലരുന്ന സമത്വത്ത അവര്‍ ഭയപ്പെടുന്നു.
മുസ്‌ലിമും ദലിതനും പിന്നാക്കക്കാരനും അടക്കമുള്ള പാര്‍ശ്വവല്‍കൃത ജനതയും ഒക്കെ അടങ്ങുന്ന പൊതുജനം തങ്ങളുടെ യജമാനന്മാരാണ് എന്ന സങ്കല്‍പത്തെ ബി.ജെ.പി ഭയക്കുന്നു. ഫാസിസത്തിന് ജനാധിപത്യം ചിലപ്പോള്‍ അധികാരത്തിലേക്കുള്ള വഴിയായി മാറിയിട്ടുണ്ട്. അധികാരം ലഭിച്ചാല്‍ അതവര്‍ക്ക് അസൗകര്യമാണ് എന്നതിന് ജര്‍മ്മനി തെളിവാണ്. ഡല്‍ഹിയിലൊരു ചക്രവര്‍ത്തിയും സംസ്ഥാനങ്ങളില്‍ ആ ചക്രവര്‍ത്തി നിയോഗിക്കുന്ന സാമന്ത രാജാക്കന്‍മാരും ഉള്‍ക്കൊള്ളുന്ന ഒരു സാമ്രാജ്യമാണവര്‍ ലക്ഷ്യംവയ്ക്കുന്നത്. അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനായാല്‍ മാത്രം നമുക്ക് ഈ നാടിനെ സംരക്ഷിക്കാനാവും. ഈ രാജ്യം ഏകത്വത്തിന്റെ ഒരു മഹാസാഗരം തന്നെയാണ്. അതിലേക്കൊഴുകിയെത്തുന്ന കൈവഴികളാണ് അതിന് കരുത്ത് പകരുന്നത്. ആ നാനാത്വത്തിന്റെ കൈവഴികളുടെ ശത്രുക്കള്‍ ഈ നാടിന്റെ ശത്രുക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."