ജോസ് വിഭാഗത്തിന്റെ തിരിച്ചുവരവ് അമര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ടറിയിച്ച് ജോസഫ് വിഭാഗം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മുന്നില്‍കണ്ട പി.ജെ ജോസഫ് വിഭാഗം ഇക്കാര്യത്തിലുള്ള അമര്‍ഷം കോണ്‍ഗ്രസ് നേതാക്കളെ നേരില്‍കണ്ട് അറിയിച്ചു.
ഇന്നലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരെക്കണ്ട് ജോസഫ് വിഭാഗം ജോസ് വിഭാഗം തിരിച്ചെത്തുന്നതിനെതിരേയുള്ള നിലപാട് കൂടുതല്‍ വ്യക്തമാക്കിയത്.
ജോസ് പക്ഷത്തെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ജോസഫും മറ്റു നേതാക്കളും കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. രണ്ടില ചിഹ്നം ജോസ് പക്ഷത്തിനുലഭിച്ച സാഹചര്യത്തില്‍ അവരെ യു.ഡി.എഫില്‍നിന്നു പുറത്താക്കേണ്ടതില്ലെന്നും ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ജോസഫ് പക്ഷത്തെ പ്രകോപിതരാക്കിയതിനെ തുടര്‍ന്നാണ് അവര്‍ നേതാക്കളെ നേരില്‍ കണ്ടത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍പോലും പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ. മാണിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം പാര്‍ട്ടിയുടെ ചിഹ്നവുമായി ബന്ധപ്പെട്ടാണ്. രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരേ കമ്മിഷനിലെ ഒരംഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിചെയര്‍മാന്‍ വിഷയത്തില്‍ ഇടുക്കി, കട്ടപ്പന കോടതികളുടെ വിധി നിലനില്‍ക്കുകയാണെന്നും അതില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നുമാണ് കമ്മിഷന്‍ പറഞ്ഞിരിക്കുന്നത്. ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു പത്രപ്രസ്താവനപോലും നടത്താനുള്ള അധികാരം ജോസ് കെ. മാണിക്കില്ല. കോടതി വിധിക്കെതിരേ പ്രവര്‍ത്തിക്കുന്ന ജോസ് കെ. മാണിക്കെതിരേ കോടതിയലക്ഷ്യ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും പി.ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചിഹ്നത്തിന്റെ അടിസ്ഥാനത്തിലല്ല യു.ഡി.എഫ് ജോസ് കെ. മാണിക്കെതിരേ നടപടി സ്വീകരിച്ചത്. യു.ഡി.എഫിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതുകൊണ്ട് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ചിഹ്നം നോക്കിയിട്ടല്ല രാഷ്ട്രീയ തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."