ആദിവാസി വീടുകളുടെ നിര്‍മാണം വനം വകുപ്പ് തടഞ്ഞു
മാനന്തവാടി: വന്യമൃഗശല്യത്തെ തുടര്‍ന്ന് വനം വകുപ്പ് മാറ്റി പാര്‍പ്പിച്ച സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ വീട് നിര്‍മിക്കുന്നത് വനം വകുപ്പ് തടഞ്ഞു.
തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ മദ്ധ്യപ്പാടി കോളനിയില്‍ താമസിക്കുന്ന സുനിത രമേശന്‍, ജാനു ബാലന്‍ എന്നിവരുടെ വീട് നിര്‍മാണമാണ് വനം വകുപ്പ് തടഞ്ഞത്. വീടുകളുടെ നിര്‍മാണം തുടങ്ങിയ ശേഷമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വനം വകുപ്പ് പ്രവൃത്തി തടഞ്ഞത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് കുടുംബങ്ങള്‍ക്കും വീട് അനുവദിച്ചത്. തുടര്‍ന്ന് എഗ്രിമെന്റ് വെക്കുകയും വീട് നിര്‍മാണം ആരംഭിക്കുകയും വീടിന്റെ തറ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് കുടുംബങ്ങള്‍ക്കും തൊണ്ണൂറായിരം രൂപ വീതമാണ് ഇതിനകം ലഭിച്ചത്. എന്നാല്‍ വീടു നിര്‍മാണം തടഞ്ഞോടെ ഇവര്‍ ദുരിതത്തിലായിരിക്കുകയാണ്. മൂന്ന് സെന്റ് ഭൂമി പോലും ജാനു ബാലനും, സുനിതാ രമേശനും ഇല്ല. അടുത്തടുത്താണ് ഇരുവരും വീട് നിര്‍മാണം തുടങ്ങിയത്.കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി ഇവിടെ കുടുംബസമേതം താമസിക്കുന്ന ഇവര്‍ക്ക് എന്തിനാണ് വനം വകുപ്പ് വീട് നിര്‍മാണം തടഞ്ഞതെന്ന് അറിയില്ല. വീട് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് വനപാലകര്‍ പറഞ്ഞുവെന്നും കാരണം ചോദിച്ചപ്പോള്‍ ഒന്നും മറുപടി നല്‍കിയില്ലെന്നും ജാനുവും സുനിതയും പറഞ്ഞു.
ഏതു നിമിഷവും പൊളിഞ്ഞു വീഴാന്‍ സാധ്യതയുള്ള താല്‍കാലിക കൂരയിലാണ് വര്‍ഷങ്ങളായി ഇരു കുടുംബങ്ങളുടേയും താമസം. ജാനുവും ഭര്‍ത്താവ് ബാലനും മക്കളായ ബിജു, ബിനു, 9-ാം ക്ലാസ് വിദ്യാഥിനി വിനീഷ, ആറാം ക്ലാസ് വിദ്യാഥിനി വിചിത്ര എന്നിവര്‍ തിങ്ങിഞെരുങ്ങിയാണ് കഴിയുന്നത്. മദ്ധ്യപ്പടി കാട്ടു നായ്‌കോളനിയില്‍ 25 ലേറെ വീടുകളുണ്ട്. ഇപ്പോള്‍ ആ റോളം വീടുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. എന്നാല്‍ സുനിത, ജാനു, എന്നിവരുടെ വീട് നിര്‍മാണത്തിന് മാത്രം വനം വകുപ്പ് തടസ്സം നില്‍ക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് നാട്ടുകാരായ കെ സന്തോഷ്, പി.സി കണ്ണനും പറഞ്ഞു. സുനിത, ജാനു എന്നിവരും മറ്റ് ആറ് കുടുംബങ്ങളുംനേരത്തേ മദ്ധ്യപ്പാടി കോളനിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള മല്ലികപ്പാറ കുന്നിലാണ് താമസിച്ചിരുന്നത്. എന്നാല്‍ വനത്താല്‍ ചുറ്റപ്പെട്ട മല്ലികപ്പാറ കുന്നില്‍ വന്യമൃഗങ്ങളുടെ ആക്രമം നിത്യസംഭവമായിരുന്നു.ജാനുവിന്റെ ഭര്‍ത്താവ് ബാലന്റെ പിതാവ് വെള്ളു (60) വിനെ ഏഴ് വര്‍ഷം മുന്‍പ് കാട്ടാന ചവിട്ടി കൊല്ലുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മല്ലിക പാറയിലെ എട്ട് കുടുംബങ്ങളെയും അവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയായിരുന്നു. ജാനു, സുനിത, അടക്കമുള്ള മൂന്ന് കുടുംബങ്ങളെ മദ്ധ്യപ്പാടി കാട്ടുനായ്ക്ക കോളനിയിലും മറ്റ് അഞ്ച് കുടുംബങ്ങളെ മറ്റിടങ്ങളിലും വനം വകുപ്പ് മാറ്റി പാര്‍പ്പിച്ചു. വനം വകുപ്പ് മാറ്റി പാര്‍പ്പിച്ച സ്ഥലത്ത് സുനിതയും, ജാനുവും വീട് നിര്‍മിക്കുന്നത് തടഞ്ഞ വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."