മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; രാജ്യത്ത് നടക്കുന്നത് ഫാസിസം: സുധ ഭരദ്വാജ്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലിസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് രാജ്യത്ത് നടക്കുന്ന ഫാസിസത്തിന്റെ തെളിവാണെന്ന് അറസ്റ്റിലായവരില്‍ ഒരാളായ സുധ ഭരദ്വാജ്.
മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയത്. ഇത് രാജ്യത്ത് നടക്കുന്ന ഇന്നത്തെ സാഹചര്യത്തെയാണ് വ്യക്തമാക്കുന്നത്. ദലിത്, ആദിവാസി ജനങ്ങളെ ലക്ഷ്യം വച്ചുള്ള സര്‍ക്കാര്‍ നീക്കമാണ് അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും അഭിഭാഷകയും തൊഴിലാളി നേതാവുമായ സുധ ആരോപിച്ചു.
ഹരിയാനയിലെ ഫരീദാബാദിലെ വസതിയില്‍ വച്ചാണ് സുധയെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നത്തെ സാഹചര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്നത് അസാധ്യമായിരിക്കുന്നു. ദലിതുകള്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവരുടെ അവകാശങ്ങള്‍ തടയപ്പെടുകയാണ്. വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. തന്റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പെന്‍ഡ്രൈവ് തുടങ്ങിയവ പൊലിസ് പിടിച്ചെടുത്തിരിക്കുന്നു. തന്റെ ജി-മെയില്‍, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പാസ് വേഡുകളും പൊലിസ് പിടിച്ചിട്ടുണ്ടെന്നും അവര്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് നിയമത്തിന്റെ അടിസ്ഥാനമില്ലാതെയാണ് നടന്നതെന്ന് സുധ ഭരദ്വാജിന്റെ മകള്‍ അനു ഭരദ്വാജ് ആരോപിച്ചു. ഹരിയാന പൊലിസിന്റെ സഹായത്തോടെ മഹാരാഷ്ട്ര പൊലിസ് എത്തിയാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇതിനായി പ്രത്യേക വാറണ്ട് പോലും ഉണ്ടായിരുന്നില്ലെന്നും അനു വ്യക്തമാക്കി. 2017 ഡിസംബര്‍ 31ന് മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് കലാപത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി പൂനെയില്‍ നടത്തിയ എല്‍ഗാര്‍ പരിഷത് സമ്മേളനവുമായി ബന്ധപ്പെട്ടാണ് സുധ ഭരദ്വാജ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആസൂത്രിത നീക്കമുണ്ടെന്നുമുള്ള ആരോപണവും പൊലിസ് ഉയര്‍ത്തിയായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."