ജലന്ധര്‍ ബിഷപ്പ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ലൈംഗിക പീഡന കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. കുറവിലങ്ങാട് പോലിസ് സ്റ്റേഷനിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഇതിനായി മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
മഠത്തിലെ ജോലിക്കാരനും അസം സ്വദേശിയുമായ പിന്റുവിനോട് ബിഷപ്പുമായി അടുപ്പമുള്ളയാള്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിക്ക് അടിസ്ഥാനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കീഴിലുള്ള വൈദികനായ ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന് തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്ന് കന്യാസ്ത്രീ പരാതിയില്‍ ആരോപിക്കുന്നു.
ഇയാള്‍ കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടുകയും ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്നും മറ്റും ഫോണ്‍ വഴി മഠത്തിലെ ജീവനക്കാരനായ പിന്റുവിനോട് ആരായുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തന്നെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് കന്യാസ്ത്രീയുടെ ആവശ്യം.
കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ട്, ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെ വിടില്ലെന്ന് തോമസ് ചിറ്റുപറമ്പില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയെ ഫോണില്‍ വിളിച്ചാണു തോമസ് ചിറ്റുപറമ്പില്‍ വിവരങ്ങള്‍ തേടിയത്. മഠത്തിന് പുറത്തെത്തി ഇയാളെ കാണാനും ശ്രമിച്ചിരുന്നത്രെ.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതിനാല്‍ തല്ക്കാലം കേസെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി പറഞ്ഞു. പരാതിയില്‍ പരാമര്‍ശിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പിന്റുവിന്റെ മൊഴിയെടുക്കും.
നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിനും ഇവരുടെ സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുമുള്‍പ്പെടെ ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള പരാതികളില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്ക്കുമ്പോഴാണു പുതിയ പരാതി. അതേസമയം, കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ജലന്ധര്‍ രൂപതയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."