സ്കൂളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകള്‍ വെള്ളത്തില്‍ മുങ്ങി
വട്ടിയൂര്‍ക്കാവ്: കുടിവെള്ള പൈപ്പിലെ ചോര്‍ച്ചമൂലം സ്കൂളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന അരിച്ചാക്കുകള്‍ വെള്ളത്തില്‍ മുങ്ങി. കാഞ്ഞിരംപാറ എല്‍.പി.എസില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകളിലാണ് വെള്ളം കയറിയത്. ബുധനാഴ്ച രാവിലെ അധികൃതര്‍ സ്കൂളിലെത്തിയപ്പോള്‍ ഓഫിസ്റൂമിലെ പൈപ്പ് തുറന്നുകിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മുറിയാകെ വെള്ളം കെട്ടിനില്‍ക്കുന്നതും അരിച്ചാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതും കണ്ടെത്തിയത്. അധികൃതര്‍ സ്കൂള്‍ പൂട്ടി പോകുന്ന സമയം കുടിവെള്ള പൈപ്പിലെ ചോര്‍ച്ച അറിയാത്തതാണ് വിഷയത്തിനു കാരണമെന്നാണു സൂചന. അതേസമയം സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ് പ്രശ്നത്തിനു കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ് ഉന്നതാധികൃതര്‍ സ്കൂളിലെത്തി പരിശോധന നടത്തി. വെള്ളത്തില്‍ കുതിര്‍ന്ന അരി ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. അതേസമയം ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരുടെ പ്രതികരണം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."