നാണയ കുടുക്കയിലെ സമ്പാദ്യം ഇരട്ടകള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി
കല്ലമ്പലം: നാണയ കുടുക്കയിലെ സമ്പാദ്യം ഇരട്ടകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്നവരുടെ ദയനീയത കണ്ട് എങ്ങനെയും സഹായിക്കണമെന്ന തോന്നലാണ് ഇവരുടെ സമ്പാദ്യം ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിച്ചത്.
എട്ടാം ക്ലാസുകാരായ കരവാരം തോട്ടയ്ക്കാട് മാങ്കോട് വീട്ടില്‍ പ്രശാന്ത് ശാലിനി ദമ്പതികളുടെ ഇരട്ട മക്കളായ പ്രണവും, പ്രജിനുമാണ് തങ്ങളുടെ ചിരകാല സ്വപ്നമായ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച നാണയ കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന തുകയായ 1012 രൂപ സി.പി.എം കരവാരം ലോക്കല്‍ കമ്മറ്റിയുടെ ബക്കറ്റ് കളക്ഷനില്‍ നിക്ഷേപിച്ചത്.
ഈ തുക ഉള്‍പ്പെടെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സംഭവം അറിഞ്ഞ് കരവാരം ടാസ് ഫൗണ്ടേഷന്‍ സാന്ത്വന വൈജ്ഞാനിക സന്നദ്ധ സംഘടന ഇവര്‍ക്ക് പുതിയ സൈക്കിള്‍ വാങ്ങി നല്‍കുകയും ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കുകയും ചെയ്തു. അഡ്വ. ബി. സത്യന്‍ എം.എല്‍.എ തുക സ്വീകരിക്കുകയും ഇരട്ടകള്‍ക്ക് സൈക്കിള്‍ നല്‍കുകയും ചെയ്തു.
കിളിമാനൂര്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗം മധുസൂദന കുറുപ്പ്. കരവാരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്.എം റഫീക് കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാര്‍, ടാസ് പ്രവര്‍ത്തകരായ സുബു, കെ.എം, റോജിദാസ്, ഷിബു നിള, അഭിലാഷ്, അസീം, പ്രകാശന്‍ തോക്കാല, രാഘുനാഥന്‍, നൗഷാദ്, ഫസിലുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."