പ്രളയ കെടുതി: ശുചികരണത്തില്‍ പങ്കാളികളായി പെരുങ്കടവിള, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുകള്‍
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന സഹജീവികള്‍ക്ക് പുനരുജ്ജീവനത്തിന് കൈത്താങ്ങുമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്ങന്നൂരിലെ പാണ്ടനാട് പ്രദേശത്തെ വീടുകളും കിണറുകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പത്ത് വീടുകള്‍ക്ക് ഒരു മെഡിക്കല്‍ ക്യാംപ് എന്ന രീതിയില്‍ ക്യാംപുകള്‍ സജ്ജീകരിച്ച് പ്രദേശത്ത് പരിശോധന നടത്തിയതായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി പറഞ്ഞു.
വെള്ളനാട് സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മെഡിക്കല്‍ ക്യാംപിന് നേതൃത്വം നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മെംബര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ജോയിന്റ് ബി.ഡി.ഒ, ജീവനക്കാര്‍ എന്നിവരടങ്ങിയ 42 അംഗ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെങ്ങന്നൂരെത്തിയത്. ഒപ്പം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
തിരുവനന്തപുരം: പ്രളയ കെടുതിയില്‍ വലഞ്ഞ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ ശുചികരണത്തില്‍ പങ്കാളികളായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും. ജനപ്രതിനിധികള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ആശാ വര്‍ക്കര്‍മാര്‍, പൊതു ജനങ്ങള്‍ എന്നിവരടക്കം 200 പേരാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. രണ്ടു ദിവസം കൊണ്ട് ഒമ്പതു സംഘങ്ങളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജനറേറ്റര്‍, പമ്പ്, ബൂട്‌സ്, കൈയുറകള്‍ തുടങ്ങിയ ഉപകരണങ്ങളോടെയാണ് സംഘം പ്രളയബാധിത പ്രദേശങ്ങളിലെത്തിയത്. ഇരുപത്തിയഞ്ചോളം വീടുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ സംഘം ശുചീകരിച്ചു.
ഇലക്ട്രീഷന്‍സ്, പ്ലംബര്‍ മാര്‍ ഉള്‍പ്പടെ മുപ്പത്ത് പേരടങ്ങുന്ന സ്‌കില്‍ഡ് തൊഴിലാളികളുടെ സേവനവും തലവടി പഞ്ചായത്തിന് ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, വൈസ് പ്രസിഡന്റ് കെ.കെ സജയന്‍, സെക്രട്ടറി കെ. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."