പ്രളയം കഴിഞ്ഞിട്ടും പുഴയില്‍ മരങ്ങള്‍ ബാക്കി; വിലങ്ങുതടി
കേളകം: പ്രളയകാലം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും പുഴയിലെ നീരൊഴുക്കു തടസപ്പെടുത്തുന്ന വലിയ മരത്തടികള്‍ നീക്കം ചെയ്യാന്‍ നടപടികളില്ല.
മര അവശിഷ്ടങ്ങളോടൊപ്പം മറ്റു മാലിന്യങ്ങളും പുഴയില്‍ പല ഭാഗങ്ങളിലായി കൂടിക്കിടക്കുകയാണ്. പ്രധാനമായും പാലങ്ങളുടെ തൂണുകള്‍ക്കു ചുവട്ടിലാണ് നീരൊഴുക്കു തടസപ്പെടുത്തുന്ന വിധത്തില്‍ ഇവ തങ്ങിനില്‍ക്കുന്നത്.
ബാവലിപ്പുഴയില്‍ മാത്രമല്ല ആറളം വന്യജീവി സങ്കേത പരിസരത്തുകൂടിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയിലും മരാവശിഷ്ടങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബാവലിയില്‍ ചുങ്കക്കുന്ന്, നീണ്ടുനോക്കി, പാമ്പറപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളിലും ചീങ്കണ്ണിപ്പുഴയില്‍ പൂക്കുണ്ട്, വളയഞ്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലുമാണ് മരാവശിഷ്ടങ്ങള്‍ ഏറെയും അടിഞ്ഞിട്ടുള്ളത്.
കൊട്ടിയൂര്‍, ആറളം വനത്തിലേയും പുഴ പുറമ്പോക്കുകളിലേയും മരങ്ങളായിരുന്നു പ്രളയത്തില്‍ കടപുഴകി കുത്തൊഴുക്കില്‍പ്പെട്ടത്. വനം വകുപ്പിന്റേയും മറ്റും മരത്തടികളായതിനാല്‍ പുഴയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് വിറകാവശ്യങ്ങള്‍ക്കും മറ്റും ഇവ ഉപയോഗിക്കാനാവില്ല.
വനം വകുപ്പാണ് മരത്തടികളും മറ്റും നീക്കം ചെയ്യേണ്ടതെന്നാണ് പഞ്ചായത്തിന്റെ പക്ഷം.
അടുത്ത മഴക്കാലത്തിന് ഒരു മാസം മാത്രം അവശേഷിക്കേ പുഴയുടെ ഒഴുക്കു തടസപ്പെടുത്തുന്ന മരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തത് സുഗമമായ ഒഴുക്കിനു തടസം സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. പുഴയിലൂടെ വെള്ളത്തിന്റെ ഒഴുക്കില്‍ തടസം നേരിട്ടാല്‍ പുഴയോട് ചേര്‍ന്ന കരഭൂമികള്‍ വീണ്ടും പുഴയെടുത്തു പോകാനും സാധ്യതയേറെയാണ്. പുഴയില്‍ നിന്നും മീറ്ററുകള്‍ മാത്രം ദൂരത്തിലുള്ള വീടുകളുടെ നിലനില്‍പ്പിനും ഭീഷണിയാണിത്.
പുഴയോട് ചേര്‍ന്ന സ്ഥലംനഷ്ടപ്പെടാതെ കെട്ടി സംരക്ഷിക്കാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. ഒരു വശം വനമായതിനാല്‍ ചീങ്കണ്ണിപ്പുഴ വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും ഇരുവശവും കരഭൂമിയുള്ള ബാവലിപ്പുഴയാണ് ഏറെ ഭീഷണി സൃഷ്ടിക്കുക.
അടുത്ത മഴക്കാലത്ത് സമീപ ഭൂമികള്‍ക്കും വീടുകള്‍ക്കും വെല്ലുവിളിയാണ് നീക്കം ചെയ്യാതെ കിടക്കുന്ന ഈ അവശിഷ്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."