വിദ്യാര്‍ഥിനിയുടെ കൈയൊടിച്ച സംഭവം: സസ്പെന്ഷന് പിന്‍വലിച്ചു
നീലേശ്വരം: വിദ്യാര്‍ഥിനിയുടെ കൈ ഒടിച്ചെന്ന പരാതിയില്‍ സസ്പെന്‍ഷനിലായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരിച്ചെടുത്തു. നെഹ്റു കോളജിലെ മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥി എം അരുണ്‍, സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി എം.പി അജിത് എന്നിവരുടെ സസ്പെന്‍ഷനാണ് പ്രിന്‍സിപ്പല്‍ പിന്‍വലിച്ചത്. പരാതി വ്യാജമാണെന്ന് കണ്ടതിനാലാണ് സസ്പെന്ഷന് പിന്‍വലിച്ചത്. മൂന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥിനിയായ ശില്പാ ചന്ദ്രന്റെ കൈ ഒടിച്ചെന്നായിരുന്നു പരാതി.
എന്നാല്‍ ശില്പയെ ആദ്യം പ്രവേശിപ്പിച്ച തേജസ്വിനി ഹോസ്പിറ്റലില്‍ നിന്നെടുത്ത എക്സ്റേയില്‍ കൈക്ക് പൊട്ടലുണ്ടായിരുന്നില്ല. ഇത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തെളിവായി പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് സസ്പെന്ഷന് പിന്‍വലിച്ചത്. ജില്ലാ സെക്രട്ടറി ബി വൈശാഖ്, പ്രസിഡന്റ് കെ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവ് ഹാജരാക്കിയത്.
അതേസമയം, കൈ ഒടിച്ചതുമായി ബന്ധപ്പെട്ട് കോളജില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എം അരുണ്‍, എം.പി അജിത്ത് എന്നിവര്‍ക്കു പരുക്കേറ്റു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ഥിയുമായ ടി.പി ഷിബിനെ ഒരുകൂട്ടം വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാംപയിന് നടത്തിയിരുന്നു. ഇതിനു ബദലായി വിദ്യാര്‍ഥിനികളും ക്യാംപയിന് നടത്തി. ഇതിനിടെയുണ്ടായ വാക്കേറ്റത്തിനിടെ ശില്പയുടെ കൈയൊടിഞ്ഞെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."