മോട്ടോര്‍ വാഹന വകുപ്പ് പരിശോധന; എട്ട് ബസുകള്‍ക്കെതിരേ നടപടി
കൊച്ചി: അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എട്ട് ബസുകള്‍ക്കെതിരെ നടപടി.
പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. അനധികൃതമായി സ്റ്റേജ് കാരിയര്‍ സര്‍വിസ് നടത്തുന്നതിനാണ് ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുള്ളത്. ക്രമക്കേടുകളെത്തുടര്‍ന്ന് ഓരോ ബസിനും 5000 രൂപ മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കി.
ആറ് ബസുകള്‍ തുക അടച്ചതായും പിഴ അടയ്ക്കാത്ത രണ്ട് ബസുകള്‍ക്ക് പണം അടയ്ക്കണമെന്നുകാണിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളതായും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. മനോജ് കുമാര്‍ പറഞ്ഞു.
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധ കര്‍ശനമാക്കിയത്.
മൂന്ന് ദിവസമായി ജില്ലിയില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയാണ് നടത്തി വരുന്നത്.
പരിശോധനയോടനുബന്ധിച്ച് അമിത വേഗതയില്‍ കുടുങ്ങിയിട്ടും പിഴയടക്കാതെ സര്‍വിസ് നടത്തിയിരുന്ന ബസുകളുടെ ലിസ്റ്റെടുത്ത് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്.
കോണ്‍ട്രാക് കാരിയര്‍ സര്‍വിസ് നടത്തുന്നതിന് മാത്രം അനുമതി നേടിയിട്ടുള്ള സ്വകാര്യ ബസുകള്‍ വിവിധ സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കയറ്റി സ്റ്റേജ് കാരിയര്‍ സര്‍വിസ് നടത്തുന്നുണ്ടോ, വ്യാജ പെര്‍മിറ്റില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍, അനധികൃതമായി ബസുകളിലെ ചരക്കുനീക്കം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ വാഹന പരിശോധ കൂടുതല്‍ ശക്തമാക്കനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."