ലാത്തിക്ക് പകരം ചൂലുമായി പോലീസ്; ശുചീകരണത്തിന് കൈകോര്‍ത്ത് മജിസ്‌ട്രേറ്റും
ഏറ്റുമാനൂര്‍: ദുരിതാശ്വാസ ക്യാമ്പുകള്‍ ഒഴിഞ്ഞ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ പോലും മടിച്ചു നിന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്ത് പോലീസും ന്യായാധിപനും. ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പേരൂരിലും നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുമാണ് സ്‌കൂളുകളിലെ മാലിന്യങ്ങള്‍ നീക്കിയും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കിയും പോലീസിനൊപ്പം ജഡ്ജിയും വ്യത്യസ്തനായത്.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് ദാസാണ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം ശുചീകരണത്തിനിറങ്ങിയത്. ഇരുപത് അംഗ പോലീസ് സംഘമാണ് ലാത്തിക്കും തോക്കിനും പകരം പകരം കയ്യില്‍ ചൂലും മറ്റ് ക്ലീനിംഗ് സാമഗ്രികളുമായി രംഗത്തിറങ്ങിയത്. പേരൂര്‍ ജെ.ബി.എല്‍.പി.സ്‌കൂള്‍, സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ സിഐ എ.ജെ.തോമസിന്റെ നേതൃത്വത്തിലും നീണ്ടൂര്‍ എസ്.കെ.വി സ്‌കൂളില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുമാണ് ശുചീകരണം നടന്നത്. വിവരമറിഞ്ഞ് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂളിലെത്തിയ മജിസ്‌ട്രേറ്റ് നിലം തുടച്ചും പാത്രം കഴുകിയും പോലീസിനൊപ്പം ചേരുകയായിരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട് ക്ഷീണിച്ച പോലീസ്‌കാര്‍ക്ക് തന്റെ പദവി പരിഗണിക്കാതെ നാരങ്ങാവെള്ളം വിതരണം ചെയ്തും മജിസ്‌ട്രേറ്റ് വ്യത്യസ്തനായി.ശുചീകരണം നടന്ന മൂന്ന് സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സെന്റ് സെബാസ്‌ററ്യന്‍സ് സ്‌കൂളില്‍ വെള്ളം കയറുകയും ക്യാമ്പ് ഇവിടെ നിന്നും തിരുവഞ്ചൂരിലേക്കും മര്‍ത്തശ്മൂനി പള്ളി ഹാളിലേക്കും മാറ്റുകയും ചെയ്തിരുന്നു. ചുറ്റും വെള്ളം നിറഞ്ഞതിനാല്‍ ജെ.ബി.എല്‍.പി.സ്‌കൂളിലെ ക്യാമ്പിലുള്ളവര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ദിവസങ്ങളോളം ഒറ്റപെട്ട നിലയിലുമായിരുന്നു. ഓണാവധിയ്ക്കു ശേഷം തുറക്കുന്ന പല സ്‌കൂളുകളും കുട്ടികള്‍ക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നതാണ് അതിവേഗ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവരുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സി.ഐ.എ.ജെ.തോമസ് പറഞ്ഞു.
പോലീസും ജഡ്ജിയും ശുചീകരണത്തിന് എത്തിയിട്ടും അധ്യാപകരുടെ നിസഹരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജെ.ബി.എല്‍.പി. സ്‌കൂളില്‍ മാത്രം മൂന്ന് അധ്യാപകര്‍ പങ്കാളികളായി. കൂടെ വാര്‍ഡ് കൗണ്‍സിലര്‍ അജിശ്രീ മുരളിയുമുണ്ടായിരുന്നു. സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ പാചകപ്പുരയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കഴുകി കളഞ്ഞതു കൂടാതെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും മറ്റും മജിസ്‌ട്രേറ്റ് നേരിട്ടിറങ്ങിയത് പോലീസുകാര്‍ക്കും പ്രചോദനമാകുകയായിരുന്നു.
ക്ലാസ് മുറികളും ശുചിമുറികളും സ്‌കൂള്‍ പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുകയും ചെയ്തു. കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധജലം ഉറപ്പു വരുത്തുകയും ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."