ചവറയില്‍ ഷിബു സ്ഥാനാര്‍ഥി; കുട്ടനാട്ടില്‍ തോമസ് കെ. തോമസെന്ന് ശശീന്ദ്രന്
തിരുവനന്തപുരം/കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷിബു ബേബിജോണ്‍ മത്സരിക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ആര്.എസ്.പി സംസ്ഥാന കമ്മിറ്റി യോഗം ഷിബുവിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ച് യു.ഡി.എഫ് കണ്‍വീനര്‍ക്കും ചെയര്‍മാനും കത്ത് നല്കി. ഷിബുവിന്റെ സ്ഥാനാര്‍ഥിത്വം ആര്.എസ്.പി കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചിട്ടുണ്ട്. ഇനി യു.ഡി.എഫ് ഔദ്യോഗികമായി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിത്വം അംഗീകരിക്കും. ഇന്നലെ ചേര്‍ന്ന ആര്.എസ്.പി സംസ്ഥാന സമിതി യോഗത്തില്‍ പ്രൊഫ. ടി.ജെ.ചന്ദ്രചൂഡന്, എന്‍.കെ പ്രേമചന്ദ്രന്, സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ബാബു ദിവാകരന് എന്നിവര്‍ പങ്കെടുത്തു.
ആര്.എസ്.പി നേതാവും ദീര്‍ഘകാലം ചവറയുടെ എം.എല്‍.എയുമായിരുന്ന ബേബിജോണിന്റെ മകനായ ഷിബു ബേബി ജോണ്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയും മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. 2016ല്‍ എല്‍.ഡി.എഫിലെ എന്‍ വിജയന്‍പിള്ള ഷിബു ബേബിജോണിനെ ചവറയില്‍ പരാജയപ്പെടുത്തി. വിജയന് പിള്ളയുടെ നിര്യാണത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം ഇടതുമുന്നണി ആരംഭിച്ചിട്ടുണ്ട്.
പുതുമുഖത്തെ പരിഗണിക്കുമെന്നാണ് സൂചനകള്‍. അതേസമയം കുട്ടനാട്ടില്‍ തോമസ് കെ.തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് എന്‍.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന് അറിയിച്ചു. അന്തരിച്ച മുന്‍ എം.എല്‍.എ തോമസ് ചാണ്ടിയുടെ സഹോദരനാണ്. തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എന്‍.സി.പി നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാമെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി ശശീന്ദ്രന് പറഞ്ഞു.
എന്നാല്‍, സ്ഥാനാര്‍ഥിയുടെ പേര് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പെ പരസ്യമായി പറഞ്ഞതിന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മന്ത്രി ശശീന്ദ്രനെ അതൃപ്തി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."