ഇത്തവണ 'കാമറ കണ്ടു'
കോഴിക്കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സി.പി.എം കുരുക്കില്‍. പിലാത്തറയില്‍ നടന്നത് കള്ളവോട്ടല്ല ഓപ്പണ്‍ വോട്ടാണെന്ന് സി.പി.എം അവകാശപ്പെടുന്നുണ്ടെങ്കിലും ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളല്ല പോളിങ് ബൂത്തില്‍ നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടെത്താന്‍ കമ്മിഷന്‍ സ്ഥാപിച്ച സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞതെന്നതിനാല്‍ നേരത്തെ കണ്ണൂരില്‍ നടന്ന കള്ളവോട്ട് പരാതിയില്‍ സ്വീകരിച്ച അയഞ്ഞ നിലപാട് ഇത്തവണ സ്വീകരിക്കാനാകില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് കള്ളവോട്ട് സംബന്ധിച്ച പരാതി ലഭിച്ചിരുന്നെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന വാദം പറഞ്ഞ് പോളിങ് ഉദ്യോഗസ്ഥരെ മാത്രമാണ് പ്രതിചേര്‍ത്തിരുന്നത്. എന്നാല്‍, ഇക്കുറി വോട്ട് ചെയ്തവരൊക്കെ കാമറക്കുള്ളിലായിരിക്കുകയാണ്.
വാശിയേറിയ മത്സരമാണ് കാസര്‍കോട് ഉള്‍പ്പെടെ സി.പി.എമ്മിന് സ്വാധീനമുള്ള മലബാറിലെ മണ്ഡലങ്ങളില്‍ ഇക്കുറി നടന്നത്. മത്സരഫലത്തെകുറിച്ചുള്ള ആശങ്കക്കിടെ കള്ളവോട്ട് വിവാദംകൂടി വന്നത് സി.പി.എമ്മിനെ ഉലച്ചിരിക്കുകയാണ്.
കള്ളവോട്ട് ആരോപണം തെളിയിക്കണമെങ്കില്‍ സങ്കീര്‍ണമായ നിയമപോരാട്ടത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നതിനാല്‍ യു.ഡി.എഫിന്റെ കേസ്ഭീഷണി സി.പി.എം കാര്യമായി എടുക്കുന്നില്ലെങ്കിലും കണ്ണൂരിലെ കള്ളവോട്ട് ആരോപണം സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഏറ്റവും വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നായിട്ടാണ് കാസര്‍കോടിനെ വിലയിരുത്തിയിരുന്നത്. എന്നാല്‍, ഇവിടെയും കള്ളവോട്ടിന്റെ പിന്‍ബലത്തിലാണ് നിലനില്‍പ്പെന്ന പ്രചാരണം രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തും.
ബൂത്തുകളില്‍ സി.സി.ടി.വി കാമറകള്‍ വയ്ക്കുന്നതിനാല്‍ പരമാവധി ഓപ്പണ്‍ വോട്ട് ചെയ്യിക്കാനായിരുന്നു സി.പി.എം നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ഒരു ബൂത്തില്‍ 25 ഓപ്പണ്‍ വോട്ടെങ്കിലും ചെയ്യണമെന്നായിരുന്നു നിര്‍ദേശം. സുഗമമായ തെരഞ്ഞെടുപ്പിനെ ബാധിക്കുംവിധം സി.പി.എമ്മിന് സ്വാധീനമുള്ള ബൂത്തുകളില്‍ ഓപ്പണ്‍വോട്ടുകളുടെ എണ്ണം ഇത്തവണ ക്രമാതീതമായി കൂടിയിരുന്നു. 100 ഓപ്പണ്‍ വോട്ട് വരെ നടന്ന ബൂത്തുകളുണ്ട്. മിക്ക ബൂത്തുകളിലും75നടുത്താണ് ഓപ്പണ്‍ വോട്ടുകള്‍ പോള്‍ ചെയ്തത്.
സ്ഥലത്തില്ലാത്ത വോട്ടര്‍പട്ടികയില്‍ പേരുള്ളവരുടെ വോട്ട് മറ്റൊരാള്‍ ചെയ്യുകയെന്നത് മലബാറിലെ സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പതിവാണ്. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലാണ് ഇത്തരം വോട്ടുകള്‍ വ്യാപകമായി ചെയ്യുക. യു.ഡി.എഫ് പോളിങ് ഏജന്റുമാര്‍ ഭീഷണിയെ തുടര്‍ന്ന് ഇറങ്ങിപ്പോയ ബൂത്തുകളിലായിരിക്കും വ്യാപകമായി കള്ളവോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കള്ളവോട്ട് നടന്നുവെന്ന് യു.ഡി.എഫ് ആരോപണം ഉന്നയിക്കാറുണ്ടെങ്കിലും മറ്റ് നടപടികളിലേക്ക് കടക്കാറില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ ഏരുവേശിയില്‍ കള്ളവോട്ട് നടന്നതുമായ ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. 2014 ഏപ്രില്‍ 10ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏരുവേശി കെ.കെ.എന്‍.എം എ.യു.പി സ്‌കൂളിലെ 109 -ാം ബൂത്തില്‍ 154 കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം കോണ്‍ഗസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയായിരുന്നു കുടിയാന്‍മല പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍, കേസെടുക്കാന്‍ പൊലിസ് തയാറായില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അന്ന് ബൂത്തുകളില്‍ സി.സി.ടി.വി കാമറകള്‍ ഇല്ലാത്തതിനാല്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ കേസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടെങ്കിലും ആരാണ് ഈ വോട്ടുകള്‍ ചെയ്തതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പൊലിസ് നിലപാട്. അതിനാല്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസെടുത്തത്. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അടുത്ത മാസം 10ന് ഉദ്യോഗസ്ഥരെ കോടതി കുറ്റപത്രം വായിപ്പിച്ചുകേള്‍പ്പിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാപ്പിനിശേരിയിലെ ഒരു ബൂത്തില്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വോട്ട് വരെ മറ്റൊരാള്‍ ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇങ്ങനെ കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ കള്ളവോട്ടുകള്‍ നടക്കുന്ന ബൂത്തുകള്‍ ഏറെയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാമറ തന്നെ കള്ളവോട്ട് ദൃശ്യങ്ങള്‍ ഒപ്പിയെടുത്തുവെന്നതാണ് പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."