ഒടുവില്‍ മലിനജലത്തില്‍നിന്നു യാത്രക്കാര്‍ക്ക് മോചനം; ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ചു
കാഞ്ഞങ്ങാട്: ബസ് സ്റ്റാന്‍ഡ് യാര്‍ഡിനകത്തു കക്കൂസ് മലിനജലവും മറ്റുമാലിന്യങ്ങളും കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിച്ചു യാത്രക്കാര്‍ അനുഭവിച്ചിരുന്ന ദുരിതത്തില്‍ നിന്ന് ഒടുവില്‍ മോചനം. കക്കൂസ് മാലിന്യവും മറ്റു മാലിന്യങ്ങളും ജെ.സി.ബി ഉപയോഗിച്ചു നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇവിടെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൂന്തോട്ടം സ്ഥാപിക്കാനാണ് നഗരസഭയുടെ നീക്കം. കാലവര്‍ഷം കനത്തതോടെ ഇവിടെ നിന്നുള്ള മലിനജലം പരിസരങ്ങളിലേക്കും ഒലിച്ചിറങ്ങാന്‍ തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണു വ്യാപാരികളും യാത്രക്കാരും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ ദുര്‍ഗന്ധം കൊണ്ടു പൊറുതിമുട്ടിയത്.
വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കടകളിലിരിക്കാനോ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു ബസ് സ്റ്റാന്‍ഡില്‍. ദുര്‍ഗന്ധം ശ്വസിച്ച് പലരും അസ്വസ്ഥരാകുന്നതും ഛര്‍ദ്ദിക്കുന്നതും പതിവ് കാഴ്ചകളായിരുന്നു.
ഇതു സംബന്ധമായി 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."