മാധ്യമങ്ങള്‍ മറന്ന ധര്‍മം
അത്ഭുതം തോന്നുന്നു..,
അലഹബാദ് ഹൈക്കോടതി 2020 സെപ്റ്റംബര്‍ ഒന്നിന് നടത്തിയ ഒരു വിധി പ്രസ്താവത്തിലെ ഏറ്റവും പ്രസക്തമായ വരികള്‍ ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായതേയില്ല..!
നമ്മുടെ രാജ്യത്തെ വര്‍ത്തമാനകാല തീക്ഷ്ണ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു കോടതി വിധിയിലെ ആ പരാമര്‍ശം. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ എങ്ങനെയാണ് ആടിനെ പട്ടിയായും പിന്നീട് പേപ്പട്ടിയായും ചിത്രീകരിച്ചു തല്ലിക്കൊല്ലുന്നതെന്നു വ്യക്തമാക്കുന്നതാണ് കോടതിയുടെ ആ വാക്കുകള്‍.
ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്തു ജയിലിലിട്ട കഫീല്‍ ഖാന്‍ എന്ന മനുഷ്യത്വമുള്ള യുവ ഭിഷഗ്വരനെ കുറ്റക്കാരനല്ലെന്നു ബോധ്യമായി മോചിപ്പിച്ച ഉത്തരവിലാണ് ആ പരാമര്‍ശം. ഡോ. കഫീല്‍ ഖാന്‍ അലിഗഡ് സര്‍വകലാശാലാ കാംപസ് പരിസരത്തു നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതോ രാജ്യസുരക്ഷയ്ക്കു ഭീഷണിയായതോ ആയ ഒരു പരാമര്‍ശവും ഇല്ലെന്നാണു കോടതി കണ്ടെത്തിയത്.
സത്യസന്ധമായ ആ കണ്ടെത്തലില്‍ പോലുമല്ല ശരിയായ വാര്‍ത്ത.
കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം സത്യത്തില്‍ മതാതീതമായ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമുള്ള ആഹ്വാനമായിരുന്നു എന്ന കോടതിയുടെ വിലയിരുത്തലാണു ചരിത്രത്താളുകളില്‍ സ്വര്‍ണ ലിപിയില്‍ കുറിക്കപ്പെടേണ്ടത്. യോഗി സര്‍ക്കാര്‍ മാസങ്ങളോളം ജയിലില്‍ അടച്ചു പീഡിപ്പിച്ച കഫീല്‍ ഖാന്‍ സത്യത്തില്‍ രാജ്യത്തെ യഥാര്‍ഥ ദേശാഭിമാനികളാല്‍ പ്രകീര്‍ത്തിക്കപ്പെടേണ്ട ആളാണെന്നാണ് കോടതി പറയാതെ പറഞ്ഞുവയ്ക്കുന്നത്. അക്കാര്യമായിരുന്നു മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. വേദനയോടെ പറയട്ടെ, അതുണ്ടായില്ല.
അതുകൊണ്ടാണ്, ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇതൊരു വിശേഷ വാര്‍ത്തയായി കാണാന്‍ കഴിയാഞ്ഞതിനെ അത്ഭുതം എന്ന് ഇവിടെ വിശേഷിപ്പിച്ചത്. സത്യത്തില്‍, ഈയൊരു കോടതി വിധിയെ നിമിത്തമാക്കി, രാജ്യത്തു പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പയറ്റുന്ന ഫാസിസ്റ്റ് ശക്തികളെ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ തയാറാകേണ്ടതായിരുന്നു. ജനാധിപത്യ ശക്തികള്‍ ആ കോടതി ഉത്തരവ് ഒരു വലിയ സംഭവമായി കൊണ്ടാടേണ്ടതായിരുന്നു.
നോക്കൂ.., എത്ര നിഷ്ഠുരമായാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ മനുഷ്യസ്‌നേഹിയായ ഒരു ഭിഷഗ്വരനോട് പകവീട്ടിയത്. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലുണ്ടായ വന്‍ ദുരന്തത്തിന്റെ പിന്നിലെ യാഥാര്‍ഥ്യം പുറംലോകമറിയാന്‍ കാരണം കഫീല്‍ ഖാനാണ് എന്നതുമാത്രമായിരുന്നു ആ പകവീട്ടലിനു കാരണം.
2017 ഓഗസ്റ്റ് പത്തിനാണ് ബി.ആര്‍.ഡി ദുരന്തം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമാണ് ഗൊരഖ്പൂര്‍. അവിടത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലാത്ത കാരണത്താല്‍ 63 പിഞ്ചു പൈതങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത്. ആശുപത്രിയിലേയ്ക്കു ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അതുവരെ വിതരണം ചെയ്തവയുടെ കാശു കിട്ടാത്തതിന്റെ പേരില്‍ സിലിണ്ടര്‍ നല്‍കാതിരിക്കുകയായിരുന്നു.
അത്യാസന്ന നിലയിലുള്ള നൂറുകണക്കിനു കുഞ്ഞുങ്ങളും മറ്റു രോഗികളും ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതിരുന്നാലുള്ള ഗുരുതരാവസ്ഥ, അവിടെ നോഡല്‍ ഓഫിസറായിരുന്ന ഡോ. കഫീല്‍ഖാന്‍, ആശുപത്രി പ്രിന്‍സിപ്പലെയും സൂപ്രണ്ടിനെയും ജില്ലാ മജിസ്‌ട്രേട്ടിനെയും നേരത്തേ തന്നെ അറിയിക്കുകയും അടിയന്തരപരിഹാരമുണ്ടാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല.
അതിനിടയിലാണ് മരണം കുട്ടികളെ ഒന്നൊന്നായി കവര്‍ന്നെടുക്കാന്‍ തുടങ്ങിയത്. ഡോ. കഫീല്‍ ഖാന്‍ നാടുനീളെ നടന്നു ഓക്‌സിജന്‍ സിലിണ്ടറിനായി യാചിച്ചു. സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്തു കുറേ സിലിണ്ടര്‍ സംഘടിപ്പിച്ചു. പക്ഷേ, അപ്പോഴേയ്ക്കും 63 കുട്ടികളുടെ ജീവന്‍ പൊലിഞ്ഞിരുന്നു.
അതു വന്‍വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ സിലിണ്ടര്‍ ക്ഷാമമാണ് ആ കൂട്ടമരണത്തിനു കാരണമെന്ന യാഥാര്‍ഥ്യം പുറം ലോകം അറിഞ്ഞു.
കൂട്ടമരണത്തിനു കാരണം സിലിണ്ടര്‍ ക്ഷാമമല്ലെന്നു മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ യോഗി സര്‍ക്കാര്‍ അടവുകള്‍ പലതും പയറ്റി നോക്കിയിട്ടും ഫലിച്ചില്ല. സര്‍ക്കാരിന്റെ അതിഗുരുതരമായ അനാസ്ഥ മൂലം ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓരോ വര്‍ഷവും മരിച്ചുവീഴുന്നത് ആയിരക്കണക്കിനു കുട്ടികളാണെന്ന വാര്‍ത്ത കണക്കുകള്‍ സഹിതം തുടര്‍ച്ചയായി വരാന്‍ തുടങ്ങി.
അതോടൊപ്പം, ആ ദുരന്തമുഖത്തും ജീവകാരുണ്യ മനോഭാവം കാട്ടിയ ഡോ. കഫീല്‍ ഖാന്റെ മഹത്വം വാഴ്ത്തുന്ന വാര്‍ത്തകളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
അതോടെ കഫീല്‍ ഖാന്റെ കഷ്ടകാലം തുടങ്ങി. പ്രതിസന്ധി നിറഞ്ഞ ദുരന്തമുഖത്തും ആത്മാര്‍ഥമായ സേവനസന്നദ്ധത പ്രകടിപ്പിച്ച ഡോ. കഫീല്‍ ഖാനു പൂച്ചെണ്ടു നല്‍കുന്നതിനു പകരം കൈയാമം അണിയിക്കാനാണു യോഗി സര്‍ക്കാര്‍ തുനിഞ്ഞത്.
മൂന്നു ദിവസത്തിനുള്ളില്‍ കഫീല്‍ ഖാനെ നോഡല്‍ ഓഫിസര്‍ കസേരയില്‍ നിന്നു തെറിപ്പിച്ചു. തൊട്ടുപിന്നാലെ, ഇന്ത്യന്‍ ശിക്ഷാനിയമം 409, 308, 120 ബി, 420, 8, അഴിമതി നിരോധന നിയമം, മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് തുടങ്ങി ജാമ്യം കിട്ടാത്തതുള്‍പ്പെടെ ഒട്ടേറെ വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്ത് അഴിക്കുള്ളില്‍ അടച്ചു. ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും തെറ്റിദ്ധരിച്ചതാകാമെന്നും യഥാര്‍ഥ കാര്യങ്ങള്‍ അധികാരികളെ അറിയിച്ചാല്‍ തന്നെ സ്വതന്ത്രനാക്കുമെന്നും കരുതി കഫീല്‍ ഖാന്‍ ജയിലില്‍വച്ചു നീണ്ട കത്തെഴുതി അധികാരികള്‍ക്കു സമര്‍പ്പിച്ചെങ്കിലും ആരും ഗൗനിച്ചില്ല. ഒരു കുറ്റവും ചെയ്യാതെ ഒമ്പതു മാസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്.
നീതിപീഠത്തിനു കുറ്റമൊന്നും കാണാന്‍ കഴിയാത്തതിനാല്‍ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. പക്ഷേ, കശ്മലന്മാര്‍ വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബം തുടര്‍ച്ചയായി വേട്ടയാടപ്പെട്ടു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനു നേരേ വെടിവയ്പ്പുണ്ടായി. കഴുത്തിനും കൈയ്ക്കും ഗുരുതരമായ പരുക്കുപറ്റി. മറ്റൊരാക്രമണത്തില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ കൊല്ലപ്പെട്ടു.
ഇതിനിടയിലാണ് അലിഗഡ് സര്‍വകലാശാലാ പരിസരത്ത് ദേശീയ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭപരിപാടിയില്‍ പ്രസംഗിച്ചതിന് കഫീല്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇത്തവണയും അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ കോടതിക്കു കഴിഞ്ഞില്ല. അങ്ങനെ രണ്ടുമാസത്തിനു ശേഷം കുറ്റമുക്തനായി.
പക്ഷേ, പകയുടെ മനസുമായി യോഗി സര്‍ക്കാര്‍ തൊട്ടുപിന്നിലുണ്ടായിരുന്നു. അതേ കേസില്‍ ദേശീയ സുരക്ഷാനിയമം ചുമത്തി കഫീല്‍ ഖാനെ വീണ്ടും ജയിലിലടച്ചു, അലിഗഡില്‍ പ്രസംഗിച്ചതിന് 2019 ഡിസംബര്‍ 13 ന് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുമ്പോള്‍ രാജ്യസുരക്ഷാ നിയമം പ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നില്ലെന്നോര്‍ക്കണം. 2020 ഫെബ്രുവരിയില്‍ ജയില്‍മോചിതനായതിനു തൊട്ടുപിന്നാലെയാണ് ആ കുറ്റം ചുമത്തുന്നത്. ഉദ്ദേശ്യം വ്യക്തമാണല്ലോ.
നിയമമറിയാവുന്ന നീതിപീഠം സര്‍ക്കാരിന്റെ ക്രൂരമായ ലക്ഷ്യം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ആ നല്ലവനായ ഭിഷഗ്വരനെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്, അദ്ദേഹത്തിന്റെ വാക്കിലെയും പ്രവൃത്തിയിലെയും നന്മയും സദുദ്ദേശ്യവും ജനങ്ങള്‍ക്കു ബോധ്യപ്പെടണമെന്ന ഉദ്ദേശ്യത്തോടെ, കഫീല്‍ ഖാന്‍ നടത്തിയത് രാജ്യത്തെ ജനങ്ങള്‍ക്കിടയിലെ ഐക്യത്തിനുള്ള ആഹ്വാനമാണെന്നു വിധി ന്യായത്തില്‍ എഴുതിച്ചേര്‍ത്തത്. അതു വിളംബരം ചെയ്യേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."