കള്ളവോട്ട്: കാസര്‍കോട് മാത്രം110 ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന് ആവശ്യം
കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് ദിവസം സി.പി.എം കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്.
പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 110 പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുഖ്യ പോളിംഗ് ഏജന്റ് അഡ്വ. സി.കെ ശ്രീധരന്‍ പരാതി നല്‍കി.
കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങള്‍ക്കു പുറമെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലാണ് റീപോളിംഗ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ കിനാനൂര്‍ കരിന്തളം, മടിക്കൈ, കോടോം, ഉദുമ മണ്ഡലത്തിലെ പനയാല്‍, പാക്കം, കൂട്ടക്കനി, ബേഡകം, കുറ്റിക്കോല്‍ തുടങ്ങി പാര്‍ലമെന്റ് മണ്ഡലത്തിലെ 110 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നാണ് ആവശ്യം. സി.പി.എമ്മിനു ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നതായും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
റീപോളിംഗ് ആവശ്യപ്പെട്ട ബൂത്തുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. കേന്ദ്ര സേനയെ സുരക്ഷക്ക് നിയമിക്കണം, റീപോളിംഗ് നടത്തേണ്ട ബൂത്തുകള്‍ നിരീക്ഷിക്കുന്നതിന് കേന്ദ്ര നിരീക്ഷകരെ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഇന്ന് ചേരുന്ന യു.ഡി.എഫ് അവലോകന യോഗത്തിന് ശേഷം യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റിയും കള്ളവോട്ടുമായി ബന്ധപ്പെട്ടും, റീപോളിംഗ് ആവശ്യം ഉന്നയിച്ചും പരാതികള്‍ നല്‍കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.
സി.പി.എം.കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുമെന്ന് മുന്‍കൂട്ടി തന്നെ ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇത് ഗൗരവമായി എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് യു.ഡി.എഫ് നേതാക്കളുടെ ആവശ്യം.
അതിനിടെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ടു കലക്ടര്‍ ഡോ.സാജിത്ത്ബാബു തെളിവെടുപ്പ് തുടങ്ങി. ബൂത്ത് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ തെളിവെടുപ്പ് നടത്തിയതായി കലക്ടര്‍ പറഞ്ഞു.
അതെ സമയം കള്ളവോട്ടുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് നല്‍കിയിട്ടില്ലെന്നും അന്വേഷണം നടത്തിയ ശേഷം മാത്രമേ കള്ളവോട്ടാണോ അല്ലയോ എന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."