ചെര്‍പ്പുളശ്ശേരി വീട്ടിക്കാട് മലയിലുണ്ടായ മണ്ണിടിച്ചില്‍; ക്വാറിക്കും ക്രഷറിനും നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യം
ചെര്‍പ്പുളശ്ശേരി: കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായ ചെര്‍പ്പുളശ്ശേരി വീട്ടിക്കാട് മലയടിവാരത്തെ ഇരുനൂറോളം കുടുംബങ്ങള്‍ കഴിയുന്നത് ഭീതിയോടെ . വീട്ടിക്കാട് കരിയാട് പ്രദേശത്ത് ആരംഭിക്കാന്‍ പോകുന്ന ക്വാറിയും, ക്രഷറുമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലാണ് ഈ ഭാഗത്ത് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായത് .മലയില്‍ ഉരുള്‍പൊട്ടാന്‍ വരെ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ മലയില്‍ ക്വാറിയും, ക്രഷറും ആരംഭിക്കാന്‍ ഇന്‍ഫ്രാഗ്രാനൈറ്റ് എന്ന കമ്പനിക്ക് നഗരസഭ നല്‍കിയ അനുമതി റദ്ധാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴയില്‍ മലയില്‍ നിന്നും മണ്ണും വെള്ളവും ,ഒലിച്ചു വന്ന് പ്രദേശത്തെ കൃഷിയിടങ്ങളിലും മറ്റും അടിഞ്ഞിരിക്കുകയാണ്. പ്രദേശത്തെ റോഡും തകര്‍ന്നിട്ടുണ്ട്. മലയില്‍ ക്വാറിയും ക്രഷറും ആരംഭിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. യു.ഡി.എഫ്.ഭരിക്കുന്ന നഗരസഭയില്‍ പ്രതിപക്ഷത്തിന്റേയും, നാട്ടുകാരുടേയും എതിര്‍പ്പ് മറികടന്നാണ് ക്വാറിക്കും, ക്രഷറിനും അനുമതി നല്‍കിയത്.
വലിയ പ്രതിഷേധവും ഇക്കാര്യത്തില്‍ ഉയര്‍ന്നിരുന്നു. ക്രഷര്‍ യൂണിറ്റിനായി മുകളില്‍ വലിയ ഷെഡുകള്‍ പണിത് യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ക്വാറിയും, ക്രഷറും ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍ .നേരത്തെ തന്നെ ഇവര്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭരംഗത്തുണ്ട്. കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം വേണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."