പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ സംഘര്‍ഷം
പേരാമ്പ്ര: പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ സംഘര്‍ഷം. കാട്ടുപോത്ത് ചത്ത സംഭവത്തിന്റെ പേരില്‍ യുവാവിനെ അര്‍ധ രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോയതാണ് സംഘര്‍ഷത്തിനു കാരണം.
മുതുകാട് 21 പാലം ഭാഗത്തു താമസിക്കുന്ന തയ്യില്‍ ജയ് മോനെ (37) ഉദ്യോഗസ്ഥര്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കു കൊണ്ടുപോയത്. ഇതു ചോദ്യം ചെയ്തു നാട്ടുകാരെത്തിയതാണു സംഘര്‍ഷത്തിലേക്ക് നയിച്ചത്. തനിക്കു മര്‍ദനമേറ്റതായി ജയ്മോന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നാട്ടുകാരെ അറിയിച്ചു. ഇതോടെ നാട്ടുകാര്‍ ബഹളമുണ്ടാക്കുകയായിരുന്നു.
ഇതിനിടെ ജയ് മോന്റെ അമ്മയും ഭാര്യയും മക്കളും ഫോറസ്റ്റ് ഓഫിസിലെത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജിതേഷ് മുതുകാട്, വി ഫാം നേതാക്കളായ ജോയി കണ്ണംചിറ, വിനീത് പരുത്തിപ്പാറ, ഇന്‍ഫാം നേതാവ് ജോര്‍ജ് കുംബ്ലാനി, കോണ്‍ഗ്രസ് നേതാക്കളായ ജയിംസ് മാത്യു, രാജേഷ് തറവട്ടത്ത് എന്നിവര്‍ റേഞ്ച് ഓഫിസര്‍ ടി. റഹീസുമായി ചര്‍ച്ച നടത്തി. ജയ് മോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നു റേഞ്ചര്‍ നേതാക്കളെ അറിയിച്ചു.
തെളിവുണ്ടെന്നതിനാല് ജയ് മോനെ കോടതിയില്‍ ഹാജരാക്കുമെന്നും റേഞ്ചര്‍ പറഞ്ഞു. മര്‍ദിച്ചതിനും പുലര്‍ച്ചെ എങ്ങോട്ടാണു കൊണ്ടുപോയതെന്ന വിവരം വീട്ടുകാരെ അറിയിക്കാത്തതിലുമാണു തങ്ങളുടെ പ്രതിഷേധമെന്നും നിയമത്തെ അംഗീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. കള്ളക്കേസ് ചുമത്തരുതെന്നും ആവശ്യപ്പെട്ടു.
അതേസമയം ചെയ്യാത്ത കുറ്റങ്ങള്‍ എഴുതിച്ചേര്‍ത്ത ചാര്‍ജ് ഷീറ്റില്‍ ഒപ്പിടില്ലെന്നു ജയ് മോന് ശാഠ്യം പിടിച്ചു. വിവരമറിഞ്ഞ നേതാക്കള്‍ വീണ്ടും സംഭവത്തില്‍ ഇടപെട്ടു.
നിരപരാധിയായ മകനെ തിരിച്ചുകിട്ടും വരെ വീട്ടിലേക്കു മടങ്ങില്ലെന്നു കരഞ്ഞു പറഞ്ഞു മാതാവും ഭാര്യയും പിഞ്ചു കുട്ടികളും ഓഫിസില്‍ ഇരിപ്പു സമരമാരംഭിച്ചു. ഇതിനിടയില്‍ മൂന്നു മണിയോടെ ജെയ്മോനെ കോടതിയില്‍ ഹാജരാക്കാനായി റേഞ്ചറും സംഘവും കൊണ്ടുപോയി. പയ്യോളി കോടതി ഇയാളെ സെപ്റ്റംബര്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."