ദുരിതാശ്വാസനിധിയിലേക്ക് വടകര താലൂക്ക് ഓഫിസില്‍ ഇതുവരെ ലഭിച്ചത് 47.5 ലക്ഷം
വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുന്നു. വടകര താലൂക്ക് ഓഫിസില്‍ ഇതുവരെ ലഭിച്ചത് 47.5 ലക്ഷത്തിലേറെ രൂപ. 30,12,652 രൂപ പണമായും 17,43,780രൂപ ചെക്കായും ലഭിച്ചു. ഭക്ഷ്യവസ്തുക്കളും മറ്റുമായി 15 ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളും ലഭിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് എക്‌സ് സര്‍വിസ് ലീഗ് വടകര താലൂക്ക് കമ്മിറ്റി വളയം, പുറമേരി, ഏറാമല, ഒഞ്ചിയം, വടകര ടൗണ്‍ എന്നീ യൂനിറ്റുകളില്‍ നിന്ന് സമാഹരിച്ച അര ലക്ഷം രൂപ താലൂക്ക് പ്രസിഡന്റ് ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തില്‍ വടകര തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാറിനു കൈമാറി.
പറമ്പില്‍ മംഗലാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പള്ളികളില്‍ നിന്നും പെരുന്നാള്‍ ദിനത്തില്‍ സമാഹരിച്ച അരലക്ഷം രൂപ കൈമാറി.
മഹല്ല് പ്രസിഡന്റ് തത്തംകോട്ട് അമ്മത് ഹാജി വടകര തഹസില്‍ദാര്‍ക്ക് ഫണ്ട് കൈമാറി. നേരത്തെ മഹല്ലിലെ യുവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ട് സഹായം എത്തിച്ചിരുന്നു.
ചടങ്ങില്‍ പനയുള്ളതില്‍ അമ്മദ് ഹാജി, എം.കെ അസീസ്, മാവുള്ളതില്‍ അബ്ദുല്ല, ഫൈസല്‍ പി.പി, എ.കെ അബ്ദുല്ല, എം.എം മുഹമ്മദ് സംബന്ധിച്ചു.
വളയം ചെക്കോറ്റ ഭഗവതീ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000രൂപ കൈമാറി. ക്ഷേത്രം പ്രസിഡന്റ് എം.കെ അശോകനും മാനേജിങ് ട്രസ്റ്റി ചെക്കോറ്റ കണ്ണനും ചേര്‍ന്ന് ചെക്ക് തഹസില്‍ദാര്‍ പി.കെ സതീഷ് കുമാറിനെ ഏല്‍പ്പിച്ചു. പതിയാരക്കര വീരോത്ത്മുക്ക് റസിഡന്‍സ് അസോസിയേഷന്‍ ഓണം-ബക്രീദ് ദിന പരിപാടികള്‍ മാറ്റി 30,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.
തുക അസോസിയേഷന്‍ പ്രസിഡന്റ് എം. കുഞ്ഞിരാമകുറുപ്പില്‍ നിന്നും ഭൂരേഖ തഹസില്‍ദാര്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി.
വാട്ടര്‍ അതോറിറ്റി സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് അര ലക്ഷം രൂപ നല്‍കി. ഓണാഘോഷത്തിനായി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുകയാണിത്. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ. വിനോദന്‍ വടകര തഹസില്‍ദാര്‍ക്ക് കൈമാറി.
പ്രസിഡന്റ് പി.പി ഇസ്മായില്‍, സെക്രട്ടറി ടി. രഞ്ജിത്ത്കുമാര്‍, പി. ദിനേശന്‍, എം.എം അനില്‍, കെ. സന്തോഷ്‌കുമാര്‍, പി. പ്രതീഷ്‌കുമാര്‍, ആര്‍. ശ്രീജിത്ത് സംബന്ധിച്ചു.
താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, ക്ലബുകള്‍ എന്നിവ തങ്ങളാല്‍ കഴിയുന്ന വിഹിതം സംഭാവനയായി നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."