മടങ്ങിയെത്തിയ പ്രവാസികളുടെ ആനുകൂല്യങ്ങള്‍: ഹരജികള്‍ തീര്‍പ്പാക്കി
കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനായി നിയമസഹായം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ജോലി നഷ്ടപ്പെട്ടും ഉപേക്ഷിച്ചും വിദേശത്തു നിന്നു നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് കിട്ടാനുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നിയമ സഹായമടക്കം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.
പ്രവാസികളുടെ ശമ്പളം, നഷ്ടപരിഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളുമായി കരാറുണ്ടെന്നും നിയമ സഹായം നല്‍കാന്‍ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ഭരണഘടനയനുസരിച്ചും ലീഗല്‍ സര്‍വിസസ് അതോറിറ്റീസ് ആക്ട് പ്രകാരവും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സൗജന്യ നിയമ സഹായത്തിന് വ്യവസ്ഥയുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്ലും നിയമ നടപടി സ്വീകരിക്കാനുള്ള സംവിധാനം എംബസികള്‍ക്കുണ്ടെങ്കിലും അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ആസ്ഥാനമായ ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സും ആണ് ഹരജികള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."