കൊവിഡ്: ഹോമിയോ മരുന്ന് ഫലപ്രദമെന്ന മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
തിരുവനന്തപുരം: ഹോമിയോ മരുന്ന് കഴിച്ചാല്‍ കൊവിഡ് കുറയുമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവന വിവാദത്തില്‍. കോഴിക്കോട്ടെ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി പരാമര്‍ശം നടത്തിയത്. പത്തനംതിട്ട ഡി.എം.ഒ (ഹോമിയോ) ഡോ.ബിജു നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കൊവിഡിന്റെ പ്രതിരോധ മരുന്ന് ഹോമിയോയില്‍ ഉണ്ടെന്നും മരുന്ന് കഴിച്ച കുറച്ചുപേര്‍ക്ക് മാത്രമാണ് കൊവിഡ് വന്നതെന്നും വന്നവര്‍ക്ക് മൂന്നോ നാലോ ദിവസം കൊണ്ട് മാറിയെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രസ്താവനയ്ക്കുപിന്നാലെ അലോപ്പതി ഡോക്ടര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മന്ത്രിയുടെ അവകാശവാദങ്ങളുടെ ശാസ്ത്രീയ അടിത്തറ ചോദ്യംചെയ്ത് രംഗത്തെത്തി.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സ്വന്തം ജീവന്‍പോലും പണയംവച്ച് കഷ്ടപ്പെടുന്ന അലോപ്പതി ഡോക്ടര്‍മാരെ പരിഹസിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെന്ന് ഐ.എം.എ പറഞ്ഞു. ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മരുന്ന് പൊതുജനങ്ങള്‍ക്ക് വിതരണംചെയ്യുമ്പോള്‍ പൊതുജനാരോഗ്യ നീതിയും നിയമങ്ങളുമാണ് ലംഘിക്കപ്പെടുന്നതെന്നും ഐ.എം.എ പ്രസ്താവനയില്‍ പറഞ്ഞു. ഐ.സി.എം.ആറിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പഠനമെന്ന പേരില്‍ പുറത്തിറക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പ്രസ്താവന മന്ത്രി നടത്താന്‍ പാടില്ലായിരുന്നു. ഇത്രയധികം രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഡാറ്റ അനാലിസിസ് പ്രസിദ്ധീകരിക്കേണ്ടതിന് പകരം പഠനം പോലുമല്ലാത്ത കടലാസിനെ ഉദ്ധരിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭരണനേതൃത്വവും ബ്യൂറോക്രസിയുമല്ല രോഗപ്രതിരോധ ചികിത്സാമാര്‍ഗങ്ങള്‍ തീരുമാനിക്കേണ്ടത്. ആരോഗ്യ വിദഗ്ധരാണ് ഇക്കാര്യം ചെയ്യേണ്ടത്. അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. അല്ലെങ്കില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുമെന്ന മുന്നറിയിപ്പും ഐ.എം.എ നല്കുന്നു.
അതേസമയം, ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷന് പ്രതികരിച്ചു. ഹോമിയോ മരുന്നായ ആര്‍സനിക്കം ആല്‍ബം 30 സി ആണ് കൊവിഡ് പ്രതിരോധത്തിനായി വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."