സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി നാടുകാണി പവലിയന്‍
മൂലമറ്റം: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി നാടുകാണി പവലിയന്‍. തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയോരത്തുള്ള നാടുകാണി പവലിയന്‍ സന്ദര്‍ശിക്കാന്‍ നിരവധിപേരാണ് എത്തുന്നത്. ഇടുക്കി പദ്ധതിയുടെ നിര്‍മാണ കാലഘട്ടത്തില്‍ കനേഡിയന്‍ എന്‍ജിനിയര്‍മാര്‍ നിര്‍മിച്ച കെട്ടിടമാണ് കുളമാവിനടുത്തുള്ള നാടുകാണി പവലിയന്‍. കുളമാവിലെ ഉയരം കൂടിയ പാറകളില്‍ ഒന്നിലാണ് പവലിയന്‍ സ്ഥിതി ചെയ്യുന്നത്. നിത്യേന നൂറുകണക്കിന് ടൂറിസ്റ്റുകള്‍ എത്തുന്ന ഇവിടെ നിന്നാല്‍ നിറഞ്ഞു തുളുമ്പി കിടക്കുന്ന മലങ്കര ജലാശയത്തിന്റെയും അറക്കുളം, കുടയത്തൂര്‍, മുട്ടം പഞ്ചായത്തുകളുടെയും ആകാശ ദൃശ്യം കാണാന്‍ സാധിക്കും. പാലരുവി പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും പ്രകൃതി രമണീയമായ ദൃശ്യങ്ങളും പച്ച പുല്‍മേടുകളും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. കുടാതെ വാഗമണ്‍, പുള്ളിക്കാനം തുടങ്ങിയ മേഖലകളുടെ ദൃശ്യഭംഗി ആസ്വദിക്കാനുമാവും. പവലിയനില്‍ നിന്നുമുള്ള വിദൂര കാഴ്ച ആരേയും ആകര്‍ഷിക്കും. മൂലമറ്റം, കാഞ്ഞാര്‍, മലങ്കര ജലാശയം, വെളളിയാമറ്റം, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളുടെ കാഴ്ച വശ്യ മനോഹരമാണ്. കുറച്ചു കാലം മുന്‍പ് വരെ പവലിയന്റെ കോണ്‍ക്രീറ്റ് കെട്ടിടം വേണ്ട വിധം സംരക്ഷിക്കാത്തതിനാല്‍ നാശത്തിന്റെ വക്കിലായിരുന്നു.ഇവിടെയുള്ള ഇരുമ്പ് ഗ്രില്ലുകള്‍ തുരുമ്പെടുത്ത് നശിച്ചിരുന്നു. കെട്ടിടം മുഷിഞ്ഞ് ആരും ശ്രദ്ധിക്കാത്ത അവസ്ഥയിലായിരുന്നു.
കെ.എസ്.ഇ.ബിക്കാണ് കെട്ടിടത്തിന്റ മേല്‍നോട്ട ചുമതല. കേരള ഹൈഡല്‍ ടൂറിസം സംരംഭത്തിലാണ് നാടുകാണി പവലിയനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടു വരെയാണ് സന്ദര്‍ശന സമയം. ഇവിടെ എത്തുന്നവരില്‍ നിന്നും പവലിയനില്‍ കയറി വിദൂരകാഴ്ചകള്‍ കാണുന്നതിന് ഫീസ് ഈടാക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 15 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ഫീസ്. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയോരത്തു നിന്നും നൂറ് മീറ്റര്‍ ഉള്ളിലാണ് പവലിയന്‍ സ്ഥിതി ചെയ്യുന്നത്. നാടുകാണി വഴി കടന്നു പോകുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും പവലിയന്‍ സന്ദര്‍ശിച്ചാണ് പോകുന്നത്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ നാടുകാണി പവലിയന്‍ അതിമനോഹരമാക്കിയിട്ടുണ്ട്. പ്രധാന പാതയില്‍ നിന്നും പവലിയനിലേക്കുള്ള റോഡ് നന്നാക്കുകയും ടോയ്‌ലറ്റും ടീ ഷോപ്പും ദൂരദര്‍ശിനിയിലൂടെ വിദൂര കാഴ്ചകള്‍ കാണാനും കുട്ടികള്‍ക്കുള്ള പാര്‍ക്കും ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഒരുക്കി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് നാടുകാണി പവലിയന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."