ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം പൂര്‍ണമായി നല്‍കും
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം പൂര്‍ണമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
താല്കാലികമായി മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ മൂന്നു മാസത്തേക്കു നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം സാലറി ചലഞ്ചില്‍ പെടുത്തി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിക്കത്തു നല്കി. ഇതിനു പിന്നാലെ മുഖ്യമന്ത്രി ശമ്പളം പിടിക്കുമെന്നും പുനഃപരിശോധനയില്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നു കണ്ട് ഇവരുടെ രാജി ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്ന് ശമ്പളം പിടിക്കുന്നതില്‍ നിന്ന് താല്കാലികമായി നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.
ശമ്പളം പിടിക്കുന്നത് സര്‍ക്കാര്‍ സ്ഥിരം നിയമിച്ചവര്‍ക്കു മാത്രമാക്കണമെന്നും താല്കാലികമായി നിയമിച്ചവര്‍ മൂന്നു മാസം പൂര്‍ത്തിയാക്കുമ്പോള്‍ പിരിഞ്ഞു പോകുന്നതിനാല്‍ ഇവരെ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ശമ്പളം പൂര്‍ണമായി കൊടുക്കാന്‍ ധന വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രാജി നല്കിയ 868 ഡോക്ടര്‍മാര്‍ക്കും 42,000 രൂപ വീതം മൂന്നു മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കും. അതേ സമയം, ഇവരുടെ കാലാവധി നീട്ടിക്കൊടുക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."